ബാങ്കോക്ക്: സംഭവബഹുലമായ 2025 മിസ് യൂണിവേഴ്സ് മത്സരത്തിൽ മെക്സിക്കോയുടെ ഫാത്തിമ ബോഷിനു കിരീടം. മത്സരവേദിയിൽ അവതാരകന്റെ പരസ്യഭീഷണിക്കെതിരേ ശബ്ദമുയർത്തിയതിലൂടെ ഇപ്രാവശ്യത്തെ മിസ് യൂണിവേഴ്സ് മത്സരത്തിന്റെ ശ്രദ്ധാകേന്ദ്രമായിരുന്നു 25കാരിയായ ഫാത്തിമ ബോഷ്.
തായ്ലൻഡിലെ ബാങ്കോക്കിനടുത്ത നൊന്താബുരിയിൽ നടന്ന ചടങ്ങില് കഴിഞ്ഞ വർഷത്തെ വിജയി ഡെന്മാർക്കിന്റെ വിക്ടോറിയ ക്ജെർ തെയ്ൽവിഗ് ഫാത്തിമയെ 74-ാം മിസ് യൂണിവേഴ്സ് കിരീടമണിയിച്ചു. തായ്ലൻഡിന്റെ പ്രവീണാർ സിംഗ് (29) ഫസ്റ്റ് റണ്ണറപ്പും വെനസ്വേലയുടെ സ്റ്റെഫാനി അഡ്രിയാന (25) മൂന്നാം സ്ഥാനവും നേടി.
ഫിലിപ്പീൻസിന്റെ അഹ്തിസ മണാലോ (28) നാലാം സ്ഥാനത്തും ഐവറി കോസ്റ്റിന്റെ ഒലീവിയ യാസെ (27) അഞ്ചാം സ്ഥാനത്തുമെത്തി. ഇന്ത്യയെ പ്രതിനിധീകരിച്ച മാണിക വിശ്വകർമ ആദ്യ 12ൽ ഇടം നേടാതെ പുറത്തായി. അഞ്ചു വർഷത്തിനുശേഷമാണ് മെക്സിക്കോ വീണ്ടും വിശ്വസുന്ദരിപ്പട്ടം ചൂടുന്നത്.
മെക്സിക്കോയിലെ ടബാസ്കോയിലെ വില്ലഹെർമോസ സ്വദേശിനിയാണ് ഫാത്തിമ ബോഷ്. കഴിഞ്ഞ മൂന്നിന് മിസ് യൂണിവേഴ്സ് ഡയറക്ടർ നവത് ഇറ്റ്സരാഗ്രിസിൽ ഫാത്തിമയോട് ആക്രോശിക്കുന്നതിന്റെയും അപമാനിക്കുന്നതിന്റെയും വീഡിയോ പുറത്തുവന്നിരുന്നു. ഫാത്തിമയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് മറ്റു മത്സരാർഥികൾ ചടങ്ങിൽനിന്ന് ഇറങ്ങിപ്പോകുന്നതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ജമൈക്കൻ മത്സരാർഥിക്ക് വേദിയിൽനിന്നു വീണ് പരിക്കേറ്റതും വിധികർത്താക്കളിൽ ചിലർ രാജിവച്ചതും ഇത്തവണത്തെ മിസ് യൂണിവേഴ്സ് മത്സരത്തെ വിവാദത്തിലാക്കി.
വിവാദങ്ങൾക്കൊടുവിൽ സംഘാടകർ നവതിനെ ചുമതലയിൽനിന്നു മാറ്റി. 120 രാജ്യങ്ങളിൽനിന്നുള്ള മത്സരാർഥികളാണ് മിസ് യൂണിവേഴ്സ് മത്സരത്തിൽ പങ്കെടുത്തത്. ഇതാദ്യമായി പലസ്തീനെ പ്രതിനിധീകരിച്ചും മത്സരാർഥി ഉണ്ടായിരുന്നു. ഇന്ത്യൻ ബാഡ്മിന്റൺ താരം സൈന നെഹ്വാൾ വിധികർത്താവായിരുന്നു. പോർട്ടോ റീക്കോയിലാണ് അടുത്ത വർഷത്തെ മിസ് യൂണിവേഴ്സ് സൗന്ദര്യ മത്സരം.
മെക്സിക്കോയിലും ഇറ്റലിയിലുമായി ഫാഷൻ പഠനം നടത്തുന്ന ബോഷ്, സുസ്ഥിരമായ ഡിസൈനുകൾ നിർമിക്കുന്നതിലും ഉപേക്ഷിച്ച വസ്തുക്കൾക്കൊണ്ടു ഫാഷൻ ഉത്പന്നങ്ങളുണ്ടാക്കുകയും ചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്.
രോഗികളായ കുട്ടികൾക്കായി സന്നദ്ധപ്രവർത്തനം, പരിസ്ഥിതി ബോധവത്കരണം, കുടിയേറ്റക്കാരെയും മാനസികാരോഗ്യ പ്രശ്നങ്ങളുള്ളവരെയും പിന്തുണയ്ക്കൽ തുടങ്ങിയ കാര്യങ്ങളിലും ഇടപെട്ടുവരുന്നു.
Tags : Miss Universe Miss Universe Fatima Bosch