പാരീസ്: ജയിലിൽ അടയ്ക്കപ്പെട്ട ഇറേനിയൻ വനിതാ നേതാവ് നർഗീസ് മുഹമ്മദിയുടെ ആരോഗ്യനില വഷളായതായി അവരുടെ ഭർത്താവ് താഗി റഹ്മാനി.
സമാധാന നൊബേൽ ജേതാവായ നർഗീസിനെ ഡിസംബറിൽ ഇറേനിയൻ ഭരണകൂടം അറസ്റ്റ് ചെയ്തശേഷം ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലെന്നും പാരീസിൽ പ്രവാസജീവിതം നയിക്കുന്ന റഹ്മാനി പറഞ്ഞു.
വിദേശശക്തികളുമായി കൂട്ടുചേർന്നു എന്നതടക്കമുള്ള കുറ്റങ്ങൾക്ക് ഇറേനിയൻ കോടതി കുറച്ചു ദിവസങ്ങൾക്കു മുന്പ് നർഗീസിന് ഏഴര വർഷത്തെ തടവുശിക്ഷ വിധിച്ചതായി അവരുടെ അഭിഭാഷകൻ അറിയിച്ചിരുന്നു.
53 വയസുള്ള നർഗീസ് ഫെബ്രുവരി രണ്ടിനു ജയിലിൽ നിരാഹാര സമരം ആരംഭിച്ചിരുന്നു. ഇതിപ്പോഴും തുടരുന്നുണ്ടോ എന്നതിൽ വ്യക്തതയില്ലെന്ന് ഭർത്താവ് പറഞ്ഞു. അറസ്റ്റിലായ സമയത്ത് ഏറ്റ മർദനങ്ങളാണ് ആരോഗ്യനില വഷളാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Tags : health Nargis Mohammadi deteriorated Iran Nobel Prize winner