ടെഹ്റാൻ: ഇറാന് മെഡിക്കൽ സാമഗ്രികളുടെയും മരുന്നുകളുടെയും സഹായമൊരുക്കി റഷ്യ. റഷ്യയുടെ ഐഎൽ 76 വിമാനത്തിൽ 13 ടണ്ണിലധികം മരുന്നുകളും മെഡിക്കൽ സാമഗ്രികളും അസർബൈജാനിൽ എത്തിച്ചു. ഇവിടെ നിന്നാണ് സഹായം ഇറാനിലെ അധികൃതർക്ക് കൈമാറുന്നത്.
ഇറാന് ഇത്തരത്തിൽ സഹായം എത്തിക്കുന്ന ആദ്യ രാജ്യമാണ് റഷ്യ. റഷ്യൻ പ്രസിഡന്റ് വ്ളോഡിമർ പുടിന്റെ ഉത്തരവ് പ്രകാരമാണ് ഇറാനുള്ള മാനുഷിക സഹായവുമായി ഐഎൽ 76 വിമാനം അസർബൈജാനിലെത്തിയത്. ഇറാൻ സന്ദർശിച്ച അന്താരാഷ്ട്ര ആണവോർജ ഏജൻസി (ഐഎഇഎ) ഡയറക്ടർ ജനറൽ റാഫേൽ ഗ്രോസിയുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് കൂടിക്കാഴ്ച നടത്തി.
ഇറാനിലെ സമാധാനപരമായ ആണവ നിലയങ്ങൾക്ക് നേരെയുള്ള അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമണങ്ങളെ റഷ്യ ശക്തമായി അപലപിച്ചു. ആണവ വ്യാപന നിരോധന കരാറിൽ ഒപ്പുവച്ച രാജ്യങ്ങൾക്ക് ആണവോർജം സമാധാനപരമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ അവകാശമുണ്ടെന്നും അതിനെ തടയാൻ പാശ്ചാത്യ രാജ്യങ്ങൾ ശ്രമിക്കുകയാണെന്നും ലാവ്റോവ് കുറ്റപ്പെടുത്തി.
ആണവ നിലയങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിലും ആണവോർജ ഏജൻസിയുടെ പ്രവർത്തനങ്ങളിൽ നിഷ്പക്ഷത പുലർത്തുന്നതിലും റഷ്യയുടെ പിന്തുണ ലാവ്റോവ് ഗ്രോസിയെ അറിയിച്ചു. വെസ്റ്റേൺ രാജ്യങ്ങൾ അവരുടെ രാഷ്ട്രീയ താൽപ്പര്യങ്ങൾക്കായി ആഗോള ഏജൻസികളെ ഉപയോഗിക്കുന്നത് ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു. ഇറാനിലെയും സപ്പോറോഷ്യയിലെയും ആണവ നിലയങ്ങളുടെ സുരക്ഷാ കാര്യങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി.