ജോഹാനസ്ബെർഗ്: ഹാന്റാവൈറസ് ബാധ പൊട്ടിപ്പുറപ്പെട്ട എം.വി. ഹോണ്ടിയസ് എന്ന ആഡംബര ഉല്ലാസക്കപ്പലിൽ രണ്ട് ഇന്ത്യൻ ജോലിക്കാരുമുള്ളതായി പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇവർക്കു രോഗം പിടിപെട്ടിട്ടില്ല. യാത്രക്കാരും ജീവനക്കാരുമായി 150 പേരാണ് കപ്പലിലുള്ളത്. ഫിലിപ്പീൻസിൽനിന്ന് 31ഉം ബ്രിട്ടനിൽനിന്ന് 23ഉം പേരുണ്ട്.
എം.വി. ഹോണ്ടിയസ് കപ്പൽ കേപ്പ് വെർദെയിൽനിന്നു മൊറോക്കോയ്ക്കു സമീപമുള്ള സ്പാനിഷ് പ്രദേശമായ കാനറി ദ്വീപുകളിലേക്കുള്ള യാത്രയിലാണ്. നാളെ ഇവിടെയെത്തും.
രോഗം ബാധിച്ച് മൂന്നു പേർ നേരത്തേ മരിച്ചിരുന്നു. വേറെ അഞ്ചു പേർക്കുകൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതിനിടെ, കപ്പലിനു പുറത്തുള്ള ആദ്യ ഹാന്റാവൈറസ് ബാധ തെക്കൻ അറ്റ്ലാന്റിക്കിലെ ബ്രിട്ടീഷ് പ്രദേശമായ സെന്റ് ഹെലേനയുടെ ഭാഗമായ ട്രിസ്റ്റൻ ഡാ കുൻഹയിൽ ഇന്നലെ സ്ഥിരീകരിച്ചു. രോഗിയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. എം.വി. ഹോണ്ടിയസ് കപ്പൽ ഏപ്രിൽ 15ന് ഇവിടെ നങ്കൂരമിട്ടിരുന്നു.
ഹാന്റാവൈറസ് സാധാരണ മനുഷ്യരിലെത്തുന്നത് എലികളുടെ വിസർജ്യങ്ങളിൽനിന്നും ഉമിനീരിൽനിന്നുമാണ്. എന്നാൽ, കപ്പലിലെ രോഗബാധയ്ക്കു പിന്നിൽ മനുഷ്യനിൽനിന്ന് മനുഷ്യനിലേക്കുള്ള അപൂർവ പകർച്ചയാണെന്ന് സംശയിക്കുന്നു. കപ്പലിൽ കയറുംമുന്പേ ചിലർക്കു രോഗം പിടിപെട്ടുവെന്നാണ് കരുതുന്നത്.
ഹാന്റാവൈറസ് ബാധ കോവിഡ് പോലെ അതിവേഗം പടരുന്ന രോഗമല്ലെന്നും ഭയം വേണ്ടെന്നുമാണ് ലോകാരോഗ്യ സംഘടന അറിയിച്ചിരിക്കുന്നത്.
Tags : Indian crew ship Hantavirus infected