തിരുവനന്തപുരം: തലസ്ഥാനത്ത് വീടിനുള്ളിലെ എയർകണ്ടീഷണറിൽ നിന്ന് കണ്ടെത്തിയത് അഞ്ച് പാമ്പുകളെ. ശ്രീകാര്യം ചെറുവയ്ക്കൽ താമസിക്കുന്ന ടെക്നോപാർക്ക് ജീവനക്കാരനായ മാധവ് ജെ പണിക്കരുടെ ബെഡ്റൂമിലെ എസിക്കുള്ളിലാണ് കുടുംബമായി പാമ്പുകൾ ഇടംപിടിച്ചത്.
ഓഫീസ് വിട്ട് വൈകുന്നേരം വീട്ടിൽ എത്തിയ മാധവ് ബെഡ്റൂം തുറന്നപ്പോൾ എസിയുടെ താഴ്ഭാഗത്ത് പെട്ടെന്ന് ഒരു വാൽ മറയുന്നത് കണ്ടു. സംശയം തോന്നി എസിക്ക് സമീപം ചെന്നപ്പോൾ അകത്ത് ചെറിയ ശബ്ദം കേൾക്കാനായി. ടോർച്ച് അടിച്ചു നോക്കിയപ്പോൾ ഒരു പാമ്പിന്‍റെ ഉദരത്തിന്‍റെ ഭാഗം കണ്ടു.
ഉടൻ തന്നെ വാവാ സുരേഷിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. പിന്നെ പിതാവിന്‍റെ സഹായത്താൽ വനംവകുപ്പിലെ സ്നേക്ക് റസ്ക്യൂ ഓഫീസർ റോഷിനിയെ ബന്ധപ്പെട്ടു. അവരുടെ നിർദേശപ്രകാരം സർപ്പയിലെ സ്നേക്ക് ക്യാച്ചർ ഗൗതം ഉടൻ തന്നെ സംഭവസ്ഥലത്ത് എത്തി.
ടോർച്ച് തെളിച്ചു നോക്കിയപ്പോൾ കൊബേറി അഥവാ വില്ലൂന്നി എന്ന വിഭാഗത്തിലെ വിഷമില്ലാത്ത പാമ്പ് ആണ് എന്ന് മനസിലാക്കി. എസി ഇളക്കിമാറ്റാതെ ഇതിനെ പിടിക്കാൻ കഴിയില്ല എന്നു മനസിലാക്കി എസി ടെക്നീഷനെ വിളിച്ചുവരുത്തി. എസി തുറന്നപ്പോൾ അഞ്ചോളം വില്ലൂന്നി പാമ്പുകൾ ഉള്ളിൽ കണ്ടു.
എസിയുടെ ഔട്ടർ വാട്ടർ പൈപ്പിനു സമീപം ചുമരിൽ ഉണ്ടാക്കിയ ദ്വാരത്തിലൂടെയായിരുന്ന ഇവ എസിക്കുള്ളിൽ എത്തിയത്. ഒന്നര മണിക്കൂർ പരിശ്രമിച്ച് നാലെണ്ണത്തിനെ പിടികൂടി. ഒരെണ്ണം ഔട്ടർ പൈപ്പിന്‍റെ വശത്തിലൂടെ പുറത്തേക്ക് രക്ഷപ്പെട്ടു.
മരച്ചില്ലകൾ വീടിന്‍റെ ടെറസിൽ താഴ്ന്നുകിടന്നതുകൊണ്ടാണ് ഇവയ്ക്ക് വീട്ടിലെ എസിക്കുള്ളിൽ കയറാൻ കഴിഞ്ഞത് എന്നാണ് സർപ്പയിലെ സ്നേക്ക് ക്യാച്ചർ ഗൗതം പറഞ്ഞത്. വീടിനോട് ചാഞ്ഞ് കിടക്കുന്ന മരച്ചില്ലകൾ വെട്ടിക്കളയേണ്ടത് ഒരു പ്രധാന കാര്യമാണ്. പിടികൂടിയ പാമ്പുകളെ പിന്നീട് ദൂരെയുള്ള ആൾപാർപ്പില്ലാത്ത തുറസായ കുറ്റിക്കാട്ടിലേക്ക് തുറന്നുവിട്ടു.