കോഴിക്കോട്: നിയമസഭാതെരഞ്ഞെടുപ്പിൽ എക്കാലവും ഇടതിനോട് ചേർന്നുനിന്ന എലത്തൂരിൽ, എൽഡിഎഫ് ആധിപത്യത്തിന് കൂച്ചുവിലങ്ങിട്ട യുഡിഎഫ് വിജയത്തിന് കരുത്തായത് തലക്കുളത്തൂർ, കക്കോടി, നന്മണ്ട, എലത്തൂർ, കാക്കൂർ, കുരുവട്ടൂർ, ചേളന്നൂർ പഞ്ചായത്തുകളിലെ ഇടതുമുന്നണി വോട്ട് ചോര്‍ച്ച. തദ്ദേശതെരഞ്ഞെടുപ്പിലുണ്ടായ വോട്ട് ചോര്‍ച്ച പരിഹരിക്കാന്‍ ശ്രമിക്കാതിരുന്നതാണ് ഇപ്പോഴുണ്ടായ തിരിച്ചടിക്ക് കാരണമായതെന്നാണ് വിലയിരുത്തല്‍.
തദ്ദേശതെരഞ്ഞെടുപ്പിൽ എലത്തൂരിൽ എൽഡിഎഫിന് 83,846 വോട്ടായിരുന്നു ലഭിച്ചത്. ഇതിൽ 18,346 വോട്ട് ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ നഷ്ടമായി. അതേസമയം തദ്ദേശതെരഞ്ഞെടുപ്പിൽ ലഭിച്ചതിനേക്കാൾ 4,589 വോട്ടുകൾ യുഡിഎഫിന് ഇത്തവണ അധികം ലഭിച്ചു. 2021 നിയമസഭാ തെരഞ്ഞെടുപ്പിലേതിനേക്കാൾ ഇത്തവണ 32,525 വോട്ടുകളും യുഡിഎഫ് അധികം നേടി.
തദ്ദേശ തെരഞ്ഞെടുപ്പിൽ ഭരണം പിടിച്ച തലക്കുളത്തൂരിൽ യുഡിഎഫ് സ്ഥാനാര്‍ഥി വിദ്യ ബാലകൃഷ്ണന് 1,790 വോട്ടിന്റെ ലീഡാണ് ലഭിച്ചത്. ഇത്തവണ യുഡിഎഫ് ഭരണം പിടിച്ചെടുത്ത നന്മണ്ടയിലും എ.കെ. ശശീന്ദ്രനേക്കാൾ വിദ്യബാലകൃഷ്ണന് 910 വോട്ടിന്റെ ലീഡ് ലഭിച്ചു.
ഇടതുപക്ഷം ഭരിക്കുന്ന കാക്കൂർ പഞ്ചായത്തിൽ 2,434 വോട്ടിന്റെ ഭൂരിപക്ഷം വിദ്യ നേടി. യുഡിഎഫിൽനിന്ന് എൽഡിഎഫ് ഭരണം പിടിച്ചെടുത്ത ചേളന്നൂർ പഞ്ചായത്തിൽ 1,889 വോട്ടിന്റെ ഭൂരിപക്ഷമാണ് വിദ്യക്കുള്ളത്.
ആറു ബൂത്തുകൾ ഉൾപ്പെട്ട എലത്തൂർ കോർപറേഷൻ ഡിവിഷനിൽ 1,651 വോട്ട് അധികം വിദ്യക്ക് ലഭിച്ചു. എൽഡിഎഫ് കുത്തക കൈയാളുന്ന കക്കോടി പഞ്ചായത്തിൽ മാത്രമാണ് ശശീന്ദ്രന് 362 വോട്ടിന്റെ ഭൂരിപക്ഷമുള്ളത്. ചരിത്രത്തിലാദ്യമായി എൽഡിഎഫിൽനിന്ന് ഭരണം പിടിച്ചെടുത്ത കുരുവട്ടൂർ പഞ്ചായത്തിൽ 3,579 വോട്ടിന്റെ ഭൂരിപക്ഷമാണ് വിദ്യ ബാലകൃഷ്ണൻ നേടിയത്.
Tags : A.K. Saseendran majority one panchayat Kerala assembly Election