തിരുവനന്തപുരം: രണ്ടുവർഷം മുന്പ് മടത്തറ അരിപ്പ കാടുകളിൽ ആദ്യമായി കണ്ടെത്തിയ ഇരുളൻ പാറ്റാ പിടിയൻ എന്ന പക്ഷിയെ ആതിരപ്പള്ളി വാഴച്ചാൽ ഭാഗത്തുനിന്നുകൂടി പുതുതായി കണ്ടെത്തിയതോടെ കേരളത്തിലെ പക്ഷിസന്പത്തിലേക്ക് ഒരു പുതിയ അതിഥി കൂടി ഉറപ്പായി. 2024 ജനുവരി 28ന് അരിപ്പ വനത്തിൽ പക്ഷിനിരീക്ഷകയായ ഫൈറോസ് ബീഗമാണ് ഡാർക്ക് സൈഡഡ് ഫ്ലെകാച്ചർ എന്ന അപൂർവ ഇനത്തെ ശ്രദ്ധിച്ചതും കാമറയിലാക്കിയതും.
കോഴി വേഴാന്പൽ, ഇണകാത്തേവൻ, മണികണ്ഠൻ എന്നീ പക്ഷികൾക്കിടയിലാണ് വൈദ്യുതി കന്പിയിലും മരത്തിലുമായി ഈ പക്ഷി ഇരുന്നത്. പിന്നീട് പക്ഷി നിരീക്ഷണ ഗ്രൂപ്പായ ഡബ്ല്യുഡബ്ല്യുഎഫിലും ഇ ബേർഡിലും റിപ്പോർട്ട് ചെയ്തപ്പോഴാണ് അപൂർവത ചൂണ്ടിക്കാണിക്കപ്പെട്ടതും സ്ഥിരീകരിച്ചതും. ഹിമാലയൻ ഭാഗത്തും ദക്ഷിണ പൂർവേഷ്യൻ ഭാഗത്തും മാത്രം കാണുന്ന ഇരുളൻ പാറ്റാ പിടിയർ കേരളത്തിലും ഇടത്താവളം കണ്ടെത്തുകയാണ് എന്നാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്.
ഏഷ്യൻ ബ്രൗണ് ഫ്ലൈ കാച്ചർ എന്ന ഇനവുമായി സാമ്യമുള്ളതിനാൽ പുതിയ പക്ഷിയെ കണ്ടെത്തൽ എളുപ്പമല്ല. ഇവയെ കണ്ടെത്താനും പകർത്താനുമായി പല പക്ഷി നിരീക്ഷണ സംഘങ്ങൾ അരിപ്പയിലും തിരുവനന്തപുരത്തെ കാടുകളിലും ശ്രമം നടത്തിയെങ്കിലും വിഫലമായി. പെട്ടെന്നു സങ്കേതങ്ങൾ മാറുന്നതിനാൽ ഇവയെ ഒരു സ്ഥലത്തു വീണ്ടും കണ്ടെത്താനാകില്ല.
ഇപ്പോൾ ആതിരപ്പള്ളി വാഴച്ചാൽ ഭാഗത്ത് പക്ഷി നിരീക്ഷകനായ റാഫി കല്ലേറ്റുംകര ഇതിനെ കണ്ടെത്തുകയും ഉറപ്പിക്കുകയും ചെയ്തതോടെ പക്ഷി നിരീക്ഷകർക്ക് ഒരു പുതിയ സാധ്യത കൂടി തുറന്നു കിട്ടിയിരിക്കുകയാണ്.
Tags : bird discovered Kerala