മലപ്പുറം: മലന്പുഴയിൽ യുഡിഎഫ് സ്ഥാനാർഥിയാകുമെന്ന അഭ്യൂഹങ്ങൾക്കിടെ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പഴ്സണൽ അസിസ്റ്റന്റായിരുന്ന എ. സുരേഷ് പാണക്കാട്ടെത്തി മുസ്ലിം ലീഗ് നേതാക്കളെ കണ്ടു.
ഇന്നലെ രാവിലെ 11നാണ് അദ്ദേഹം പാണക്കാട്ടെത്തിയത്. മഞ്ഞളാംകുഴി അലി എംഎൽഎ, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ഏറെ നേരം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ ഉൾപ്പടെയുള്ള നേതാക്കളുമായി സുരേഷ് കൂടിക്കാഴ്ച നടത്തി. നേരത്തേ മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയെ കണ്ടതിനു ശേഷമാണ് സുരേഷ് പാണക്കാട് എത്തിയത്.
ഏറെക്കാലത്തെ ആഗ്രഹമായിരുന്നു പാണക്കാട് വരണമെന്നത്. അത് സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് സുരേഷ് പറഞ്ഞു. അനുഗ്രഹം തേടിയാണ് പാണക്കാട്ടെത്തിയത്. കേരളത്തിന്റെ മതേതരത്വത്തിന്റെ അംബാസഡർമാരാണ് പാണക്കാട് തങ്ങൾമാർ. സാംസ്കാരിക ഇടമാണ് കൊടപ്പനക്കൽ തറവാടെന്നും സുരേഷ് പറഞ്ഞു. മലന്പുഴയിൽ മത്സരിക്കുന്ന കാര്യം യുഡിഎഫ് തീരുമാനിക്കുമെന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് സുരേഷ് പ്രതികരിച്ചു.
ജനാധിപത്യ ചേരിയിലേക്ക് സ്വാഗതം: സാദിഖലി തങ്ങൾ
സുരേഷിനെ ജനാധിപത്യ ചേരിയിലേക്കു സ്വാഗതം ചെയ്യുന്നുവെന്നു മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രതികരിച്ചു. സുരേഷിന്റെ മാറ്റം ജനം അംഗീകരിക്കുമെന്നാണു പ്രതീക്ഷ. രാഷ്ട്രീയ കേരളത്തിനു നല്ലൊരു സന്ദേശം ഇതിലൂടെ നൽകാൻ കഴിയും.
മലന്പുഴയുമായി സുരേഷിനു പൊക്കിൾകൊടി ബന്ധമാണുള്ളത്. നല്ല പാരന്പര്യമുള്ള വ്യക്തിയാണ് സുരേഷ്. അത് ജനങ്ങൾക്ക് ബോധ്യവുമുണ്ട്. ഈ മാറ്റത്തെ ജനങ്ങളും തീർച്ചയായും അംഗീകരിക്കും. യുഡിഎഫിനും കരുത്താകും- തങ്ങൾ പറഞ്ഞു.
Tags : A. Suresh Panakkad meets League leaders personal assistant UDF candidate P.K. Firoz Manjalamkuzhi Ali MLA