കണ്ണൂർ: പാനൂരിൽ അധ്യാപക ജീവനൊടുക്കിയ സംഭവത്തിൽനിർണ്ണായക തെളിവുകൾ പോലീസിന് ലഭിച്ചു. പ്രതിയും ആദിത്യയുടെ സുഹൃത്തുമായിരുന്ന ശരൺ യുവതിയെ മർദിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. തലശേരി ബസ് സ്റ്റാൻഡ് പരിസരത്തുവെച്ച് നടന്ന മർദനത്തിന്റെ ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്
ശരണുമായുള്ള സൗഹൃദത്തിൽ നിന്ന് പിന്മാറാൻ ആദിത്യ ശ്രമിച്ചതാണ് മർദനത്തിന് ഇടയാക്കിയതെന്നാണ് പോലീസിന്റെ കണ്ടെത്തൽ.ആദിത്യയെക്കുറിച്ച് മോശമായ സന്ദേശങ്ങൾ ബന്ധുക്കൾക്ക് അയച്ചതിലൂടെ യുവതിയെ അപമാനിക്കാനും ശരണ്‍ ശ്രമിച്ചിരുന്നു. ഈ സംഭവങ്ങൾ ആദിത്യയെ കടുത്ത മാനസിക സമ്മർദ്ദത്തിലാക്കി.
ഒരു വിവാഹാലോചന വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. ആദിത്യയുടെ വീട്ടുകാർക്ക് ഈ വിവാഹത്തിൽ താൽപ്പര്യമില്ലാതിരുന്നതിനാൽ ബന്ധം നടന്നില്ല. എന്നാൽ, പിന്നീട് ഇരുവരും സൗഹൃദത്തിലായി. ആദിത്യയുടെ മറ്റ് സൗഹൃദങ്ങളിൽ ശരണിന് അതിയായ സംശയമുണ്ടായിരുന്നു. ഇതാണ് തർക്കത്തിലേക്ക് നയിച്ചത്.
കണ്ണൂർ സർവകലാശാലയിലെ ഗസ്റ്റ് അധ്യാപികയായിരുന്നു മരിച്ച ആദിത്യ. കഴിഞ്ഞ ഞായറാഴ്ച വീട്ടിൽ അവശനിലയിൽ കണ്ടെത്തിയതിനെ തുടർന്നാണ് ആദിത്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവിടെ ചികിത്സയിലിരിക്കെയായിരുന്നു മരണം.
ശരണിന്റെ മർദനത്തെ തുടർന്നാണ് ആദിത്യ ജീവനൊടുക്കിയതെന്ന് കാട്ടി കുടുംബം പോലീസിൽ പരാതി നൽകിയിരുന്നു. ആദിത്യയുടെ മരണശേഷം ഒളിവിലായിരുന്ന പ്രതിയെ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസ് പിടികൂടിയത്.
Tags : Adithya death case CCTV Footage