ആലപ്പുഴ: കടലും കടൽത്തീരവും കോർപ്പറേറ്റുകൾക്ക് തീറെഴുതുവാനുള്ള ഗൂഢ പദ്ധതിയാണ് സംസ്ഥാന ബജറ്റിൽ യുഡിഎഫ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന സമുദ്രമിഷനെന്ന് മത്സ്യത്തൊഴിലാളി ഫെഡറേഷൻ സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി പി.പി. ചിത്തരഞ്ജൻ.
കടൽ മണൽ - കരിമണൽ ഖനനം സ്വകാര്യ മേഖലയിൽ നടപ്പിലാക്കുമെന്ന ബജറ്റ് പ്രഖ്യാപനം, കേന്ദ്രത്തിൽ ബിജെപി സർക്കാർ നടപ്പിലാക്കുന്ന നയം തന്നെയാണ് കേരളത്തിലും യുഡിഎഫ് സർക്കാർ നടപ്പിലാക്കാൻ പോകുന്നതെന്ന് തെളിയിക്കുന്നതാണ്. സമുദ്ര മേഖലയിൽ മാത്രമല്ല ഉൾനാടൻ മത്സ്യബന്ധനത്തെയും കായൽ മേഖലയെയും പ്രതികൂലമായി ബാധിക്കുന്ന നിലപാടുകളും പദ്ധതികളുമാണ് ഇത്തവണത്തെ ബജറ്റിലൂടെ പ്രഖാപിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളെ ബന്ധിപ്പിച്ച് കൊണ്ടുള്ള സതേൺ ഇക്കണോമിക്ക് കോറിഡോർ പദ്ധതി, കോർപ്പറേറ്റ് വത്കരണത്തിന്റെ ഭാഗം തന്നെയാണ്. തീരദേശ മേഖലയെ പൂർണമായും തകർക്കുന്ന ഇത്തരം നയങ്ങൾക്കെതിരേ അതിശക്തമായ പ്രതിഷേധം കേരളത്തിലെ മത്സ്യത്തൊഴിലാളി സമൂഹത്തിനിടെയിൽ നിന്നും ഉയർന്ന് വരുമെന്നും അദ്ദേഹം പ്രതികരിച്ചു.
കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ബ്ലൂ ഇക്കണോമി കേരളത്തിൽ നടപ്പാക്കാനുള്ള നടപടികളുമായാണ് കേരളത്തിലെ യുഡിഎഫ് സർക്കാർ മുന്നോട്ട് പോകുന്നതെങ്കിൽ, ഇതിനെതിരായ ശക്തമായ പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും കേരളത്തിലെ തീരദേശ ജനതയുടെ ഭാഗത്ത് നിന്ന് ഉയരുമെന്നും അദ്ദേഹം പറഞ്ഞു. 2026ലെ സംസ്ഥാന ബജറ്റ് യഥാർഥത്തിൽ സ്വകാര്യ നിക്ഷേപകർക്കും കോർപ്പറ്റുകൾക്കും വേണ്ടിയുള്ളതാണെന്നും ചിത്തരഞ്ജൻ ആരോപിച്ചു.
Tags : P. P. Chitharanjan Budget