തൃശൂർ: വീട്ടില്‍ ഉറങ്ങുന്നതിനിടെ പാമ്പുകടിയേറ്റു മരിച്ച ആല്ജോയ്ക്കു കടന്പോട് ഗ്രാമം കണ്ണീരോടെ വിടനൽകി. സംസ്കാരം കൊടുങ്ങ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ നടന്നു.
കുരുന്നുബാലനു യാത്രാമൊഴിയേകാന്‍ നാടൊന്നടങ്കമാണ് കോടാലിക്കടുത്തുള്ള കടമ്പോട് കാവുങ്ങല്‍ വീട്ടിലും വെള്ളിക്കുളങ്ങര കൊടുങ്ങ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയിലുമായി എത്തിയത്.
പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ചാലക്കുടിയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന ആല്‍ജോയുടെ മൃതദേഹം രാവിലെ പതിനൊന്നോടെയാണ് വീട്ടില്‍ കൊണ്ടുവന്നത്. കടമ്പോട് എഎല്‍പി സ്കൂളിലെ രണ്ടാംക്ലാസ് വിദ്യാർഥിയായിരുന്ന ആല്‍ജോയെ അവസാനമായി ഒരു നോക്കുകാണാൻ സഹപാഠികളും പ്രധാനാധ്യാപിക പി.എം. ലിഷയുടെ നേതൃത്വത്തില്‍ അധ്യാപകരും എത്തിയിരുന്നു. ആല്‍ജോയുടെ പിതാവ് സില്‍ജോയുടെയും അമ്മ ജോണ്‍സിയുടെയും നെഞ്ചുപൊട്ടിയുള്ള കരച്ചിൽ കണ്ടുനിന്നവരുടെ കണ്ണു നനയിച്ചു.
സംസ്കാരശുശ്രൂഷകളില്‍ കൊടുങ്ങ പള്ളി വികാരി ഫാ. ഷിബു നെല്ലിശേരി, ഫാ. ജെയ്സന് വടക്കുംചേരി, ഫാ. ഡേവി കാവുങ്ങല്‍ എന്നിവര്‍ കാര്‍മികത്വം വഹിച്ചു. മൂന്നുമുറി പള്ളി വികാരി ഫാ. തോമസ് വെളക്കനാടനും സംസ്കാരകര്‍മങ്ങളില്‍ സംബന്ധിച്ചു.
കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി, മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടെസി ജോസ്, പഞ്ചായത്തംഗങ്ങള്‍, പുതുക്കാട് എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.കെ. രാമചന്ദ്രന്, യുഡിഎഫ് സ്ഥാനാര്‍ഥി കെ.എം. ബാബുരാജ് എന്നിവരും വെള്ളിക്കുളങ്ങര, വരന്തരപ്പിള്ളി പോലീസ് എസ്എച്ച്ഒമാര്‍, വെള്ളിക്കുളങ്ങര ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ കെ.എസ്. ഷിനോജ് തുടങ്ങിയവരും അന്തിമോപചാരമര്‍പ്പിക്കാനെത്തി. റവന്യു ഉദ്യോഗസ്ഥരും എത്തിയിരുന്നു.
ശനിയാഴ്ച രാത്രി മാതാപിതാക്കളായ സില്ജോക്കും ജോണ്‍സിക്കുമൊപ്പം ഉറങ്ങാന്‍ കിടന്ന ആല്‍ജോയെയും സഹോദരന് അനോഷിനെയും ഞായറാഴ്ച പുലര്‍ച്ചെ അവശനിലയില്‍ കണ്ടതിനെതുടര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. വൈകാതെ ആല്‍ജോ മരിച്ചു.
ഗുരുതരാസ്ഥയിലായ അനോഷിനെ കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തലേന്നു കഴിച്ച ആഹാരത്തില്‍നിന്ന് വിഷബാധയേറ്റതാണെന്ന് ആദ്യം സംശയിച്ചെങ്കിലും ഡോക്ടര്‍ പാമ്പുകടിച്ചതാകാമെന്നു സൂചന നല്‍കിയതിനെ തുടര്‍ന്നു വീട്ടില്‍ നടത്തിയ തെരച്ചിലിലാണ് പാമ്പിനെ കണ്ടെത്തിയത്.
തൃശൂർ: കടമ്പോട് പാമ്പുകടിയേറ്റു മരിച്ച ആല്‍ജോയുടെ വീടിനു സമീപത്തു വീണ്ടും പാമ്പിനെ കണ്ടെത്തി. ഇന്നലെ രാവിലെ ആല്‍ജോയുടെ മൃതദേഹം വീട്ടിലേക്ക് എത്തിക്കുന്ന സമയത്താണ് കഴിഞ്ഞദിവസം കണ്ടെത്തിയ പാമ്പിന്റെ അതേ വലിപ്പത്തിലും ഇനത്തിലും ഉള്ള പാമ്പിനെ കണ്ടെത്തിയത്. വീടിന്റെ മുന്‍വശത്തുള്ള ചെടിച്ചട്ടികള്ക്കരികിലാണ് പാമ്പിനെ കണ്ടത്. നാട്ടുകാരുടെ നേതൃത്വത്തില്‍ പാമ്പിനെ തല്ലിക്കൊന്നു.
വീണ്ടും പാന്പിനെ കണ്ടതിനെത്തുടർന്ന് വനംവകുപ്പ് അധികൃതര്‍ വീടും പരിസരവും പരിശോധിച്ചു. വെള്ളിക്കുളങ്ങര ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ കെ.എസ്. ഷിനോജ് സ്ഥലം സന്ദര്‍ശിച്ചു.
സംസ്കാരചടങ്ങുകള്‍ കഴിഞ്ഞശേഷം വൈകുന്നേരം ഇരുപതോളം വനംവകുപ്പ് ജീവനക്കാര്‍ ചേര്‍ന്ന് വീടും പരിസരവും വൃത്തിയാക്കി.
പാമ്പുകള്‍ ഒളിച്ചിരിക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ മണ്ണിളക്കി പരിശോധന നടത്തിയെങ്കിലും കൂടുതല്‍ പാമ്പുകളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. മുപ്ലിയം ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ രഞ്ജിത് രാജിന്റെ മേല്‍നോട്ടത്തിലാണ് വീട്ടുപരിസരം വൃത്തിയാക്കിയത്.
തൃശൂർ: കുഞ്ഞനുജന് ആല്‍ജോ യാത്രയായതറിയാതെ ആശുപത്രിയിൽ കഴിയുന്ന പത്തുവയസുകാരന് അനോഷിന്റെ ആരോഗ്യനിലയിൽ പുരോഗതി.
വെന്റിലേറ്ററില്‍ കഴിയുന്ന അനോഷിന്റെ നിലയില്‍ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. കുട്ടി ബോധാവസ്ഥയിലാണ്, കണ്ണു തുറക്കുന്നുണ്ട്. നിര്‍ദേശങ്ങളോടു പ്രതികരിക്കുന്നുമുണ്ട്.
പേശികള്‍ക്കുള്ള ബലക്ഷയം പൂര്‍ണമായി മാറാത്തതിനാല്‍ നിലവില്‍ വെന്റിലേറ്റര്‍ സഹായം തുടരുകയാണ്.ആരോഗ്യനില മെച്ചപ്പെടുന്നതനനുസരിച്ച് അടുത്ത ദിവസങ്ങളില്‍ വെന്റിലേറ്റര്‍ മാറ്റാന്‍ സാധിക്കുമെന്നും ഡോക്ടര്‍മാര്‍ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.