ജില്ലാ പൊലിസ് ചീഫ് കെ.എം. സാബു മാത്യു മുഖ്യാതിഥിയായി പങ്കെടുത്ത് സന്ദേശം നൽകുന്നു.
കാഞ്ഞിരപ്പള്ളി: അമല്‍ ജ്യോതി എന്‍ജിനിയറിംഗ് കോളജ് സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച എഐ കോണ്‍ക്ലേവ് 2026 സമാപിച്ചു. കോണ്‍ക്ലേവിന്റെ ഭാഗമായി സാങ്കേതിക - സാങ്കേതികേതര ഹാക്കത്തണ്‍ നടത്തി.
വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നായി 1,500ൽപരം വിദ്യാര്‍ഥികള്‍ ഹാക്കത്തോണില്‍ പങ്കെടുത്തു. വിദ്യാഭ്യാസം, ആരോഗ്യം, കൃഷി തുടങ്ങിയ മേഖലകളിലെ പ്രശ്നങ്ങള്‍ക്ക് കൃത്രിമബുദ്ധിയുടെ സഹായത്തോടെ നൂതനവും പ്രായോഗികവുമായ പരിഹാരങ്ങള്‍ കണ്ടെത്തുന്നതിനാണ് ഹാക്കത്തണ്‍ അവസരമൊരുക്കിയത്.
വിദ്യാര്‍ഥികള്‍ ടീമുകളായി പ്രവര്‍ത്തിച്ച് തയാറാക്കിയ ആശയങ്ങളും സാങ്കേതിക മാതൃകകളും വിദഗ്ധ സമിതിക്കു മുന്നില്‍ അവതരിപ്പിച്ചു. ആശയങ്ങളുടെ പുതുമ, സാമൂഹിക പ്രസക്തി, പ്രായോഗികത, സാങ്കേതിക മികവ്, അവതരണശേഷി എന്നിവയുടെ അടിസ്ഥാനത്തിലാണ് പദ്ധതികള്‍ വിലയിരുത്തിയത്.
ഹാക്കത്തണിന്റെ സമാപനച്ചടങ്ങില്‍ ജില്ലാ പൊലിസ് ചീഫ് കെ.എം. സാബു മാത്യു മുഖ്യാതിഥിയായിരുന്നു. കോളജ് ഗവേണിംഗ് ബോഡി ചെയര്മാന് ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്‍, ഡയറക് ടര്‍ ഓഫ് അഡ്മിനിസ്ട്രേഷന് ഫാ.ഡോ. റോയി ഏബ്രഹാം പഴയപറമ്പില്‍, ഫാ.ഡോ. റൂബിന് തോട്ടുപുറത്ത്, ഡോ.ടി.കെ. ബിജിമോള്‍, ബിനുമോന് ജോസഫ്, എഐ കോണ്‍ക്ലേവ് കോഓര്‍ഡിനേറ്റര്‍ മിഥുന് പി. മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.
എഐ കോണ്‍ക്ലേവില്‍ ഹാക്കത്തണിൽ കോളജ് തലത്തിൽ കാഞ്ഞിരപ്പള്ളി അമൽ ജ്യോതിയും പാന്പാടി ആർഐടിയും സ്കൂൾ തലത്തിൽ കൊട്ടാരക്കര ജിബിഎച്ച്എസ്എസും വർക്കല എംജിഎം മോഡൽ സ്കൂളും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. വിജയികൾക്ക് കാഷ് അവാർഡും മെമെന്റോയും നൽകി.
വ്യവസായ വിദഗ്ധര്‍, വിധികര്‍ത്താക്കള്‍, അധ്യാപകര്‍, വിവിധ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍ എന്നിവര്‍ വിദ്യാര്‍ഥികളുടെ ആശയങ്ങള്‍ വിലയിരുത്തുകയും ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു.
രണ്ട് ദിവസങ്ങളിലായി നടന്ന എഐ കോണ്‍ക്ലേവില്‍ ഹാക്കത്തണ്‍, എക്സ്പേര്‍ട്ട് വര്‍ക്ക്ഷോപ്പുകള്‍, പാനല്‍ ഡിസ്കഷന്, എഐ ഇന്നൊവേഷന് ഷോകേസ് തുടങ്ങിയ പരിപാടികളാണ് ഒരുക്കിയിരുന്നത്.
ടിസിഎസ്, യുഎസ്ടി, ക്ലൗഡ് ഇന്നൊവേഷന് തുടങ്ങിയ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ നടക്കുന്ന വര്‍ക്ക്ഷോപ്പുകളില്‍ എഐ, മെഷീന് ലേണിംഗ്, ക്ലൗഡ്, എമര്‍ജിംഗ് ടെക്നോളജീസ് തുടങ്ങിയ മേഖലകളില്‍ ഇന്‍ഡസ്ട്രി എക്സ്പേര്‍ട്ടുകള്‍ അറിവുകള്‍ പങ്കുവച്ചു. കേരള വിഷന്‍ കാരിത്താസ് ആശുപത്രി, ഓക്സിജന്‍ എന്നിവരുടെ സഹകരണത്തോടെയാണ് കോണ്‍ക്ലേവ് സംഘടിപ്പിച്ചത്. കേണ്‍ക്ലേവിന്റെ ഔദ്യോഗിക മീഡിയ പാര്‍ട്ണര്‍ ദീപികയായിരുന്നു.

എഐയെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്ന ഒരു ഉപകരണം മാത്രമായി കാണേണ്ടതില്ല. നമ്മൾ ദിവസേന ആവർത്തിച്ച് ചെയ്യുന്ന ജോലികൾ സ്വയം ചെയ്യിപ്പിക്കാനും സമയം ലാഭിക്കാനും കൂടതൽ കാര്യങ്ങൾ കാര്യക്ഷമമായി പൂർത്തിയാക്കാനും എഐയെ നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കാം. ഓർമപ്പെടുത്തലുകൾ, സമയക്രമം, വിവരങ്ങൾ ക്രമീകരിക്കൽ, തുടർനടപടികൾ തുടങ്ങിയ ജോലികൾഎഐ ഏറ്റെടുക്കുമ്പോൾ നമ്മുടെ സമയം കൂടുതൽ പ്രധാനപ്പെട്ട കാര്യങ്ങൾക്ക് മാറ്റിവയ്ക്കാം. എഐ നമ്മുടെ ജോലി ഏറ്റെടുക്കാനല്ല, നമ്മുടെ ജോലി കൂടുതൽ എളുപ്പവും കാര്യക്ഷമവുമാക്കാനാണ്.
ആൽബിൻ ജോജോ (എഐ കോണ്‍ക്ലേവ് വിദ്യാർഥി കോ ഓര്‍ഡിനേറ്റര്‍).

ഭാവി എഐ എത്രമാത്രം ബുദ്ധിമാനാകും എന്നതിലല്ല, മാറുന്ന സാഹചര്യങ്ങൾക്കും മനുഷ്യരുടെ ആവശ്യങ്ങൾക്കും അനുസരിച്ച് എത്രമാത്രം വേഗത്തിൽ പഠിച്ച് സ്വയം പൊരുത്തപ്പെടും എന്നതിലാണ്. എഐയോടൊപ്പം മാറാനും പഠിക്കാനും തയാറാകുന്നവർക്കായിരിക്കും നാളെയുടെ അവസരങ്ങൾ.
ബാസ്റ്റിൻ ജോർജ് (എഐ കോണ്‍ക്ലേവ് വിദ്യാർഥി കോ ഓര്‍ഡിനേറ്റര്‍).

ശരിയായ രീതിയിൽ ഉപയോഗിക്കുമ്പോൾ എഐയ്ക്ക് മനുഷ്യന്റെ കഴിവുകളെ കൂടുതൽ ശക്തിപ്പെടുത്താനും സങ്കീർണമായ പ്രശ്നങ്ങൾക്ക് നൂതനമായ പരിഹാരങ്ങൾ കണ്ടെത്താനും നമ്മുടെ ജീവിതത്തിലും സമൂഹത്തിലും വലിയ മാറ്റങ്ങൾ സൃഷ്ടിക്കാനും കഴിയും. എഐയുടെ സാധ്യതകൾ തിരിച്ചറിയാം, ഉത്തരവാദിത്തത്തോടെ ഉപയോഗിക്കാം, ഭാവിയെ രൂപപ്പെടുത്താം.
ശ്രേയ എബി (എഐ കോണ്‍ക്ലേവ് വിദ്യാർഥി കോ ഓര്‍ഡിനേറ്റര്‍)
Tags : AmalJyothi EngineeringCollege AIConclave Concludes Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash