ഇരിട്ടി: പുനരധിവാസ മിഷൻ അനുവദിച്ച രണ്ടു മുറി വീടുണ്ടായിട്ടും അനീഷും മകനും ഭാര്യയും രണ്ടു ദിവസം മുന്പു വരെ അന്തിയുറങ്ങിയത് വീടിന്റെ ടെറസിലായിരുന്നു. ആനയെ പേടിച്ചാണ് ഇവർ ടെറസിൽ കിടന്നുറങ്ങിക്കൊണ്ടിരുന്നത്.
ഇവർ മാത്രമല്ല മേഖലയിലെ കുടുംബങ്ങൾ എല്ലാവരും ടെറസിലാണ് അന്തിയുറങ്ങുന്നത്. രണ്ടു ദിവസമായി മലയോരമേഖലയിൽ ചാറ്റൽ മഴ ഉണ്ടായിരുന്നതിനാലാണ് അനീഷും ഭാര്യയും മകനും ഉറക്കം വീടിനുള്ളിലേക്ക് മാറിയത്.
ഇതാണ് ദുരന്തത്തിനു വഴിവച്ചത്. വീടിന്റെ പിന്നിൽ 20 മീറ്റർ അകലെയുള്ള ശുചിമുറിയിലേക്കു മകനെ മൂത്രമൊഴിപ്പിക്കാൻ കൊണ്ടുപോകുന്നതിനുവേണ്ടിയാണ് അനീഷും ഭാര്യ അമ്പിളിയും പുലർച്ചെ മൂന്നോടെ ഇറങ്ങിയത്.
പ്രധാന വാതിൽ തുറന്ന് മൂവരും മുറ്റത്തിറങ്ങി ബാത്റൂമിലേക്കു പോകുന്നതിനിടെയാണു ദുരന്തം. വൈകുന്നേരം അഞ്ചിന് ശേഷം ആനയെ പേടിച്ച് വീടിനു വെളിയിൽ ഇറങ്ങാൻ പറ്റാത്ത സാഹചര്യത്തിലാണ് ആറളത്തെ കുടുംബങ്ങൾ.
ആറളത്തെ വീടുകളുടെയെല്ലാം പുറത്താണ് ശുചിമുറി ഉള്ളത്. അനീഷിന്റെ മരണത്തോടെ ആനയെ പേടിച്ച് രാത്രിയിൽ എങ്ങനെ വെളിയിൽ ഇറങ്ങും എന്ന ആശങ്കയിലാണ് ആറളത്തെ കുടുംബം.
ഇരട്ടി: ആറളം പുനരധിവാസ മേഖലയിൽ മനുഷ്യജീവനു ഭീഷണിയായി മോഴയാന. അനീഷിന്റെയും മരണത്തിനു പിന്നിൽ കൊലയാളിയായ മോഴയാന തന്നെ. ആനയെ പിടികൂടി സ്ഥലത്തുനിന്നു മാറ്റണമെന്ന് ആവശ്യം അവഗണിക്കപ്പെട്ടതിന്റെ അടുത്ത രക്തസാക്ഷിയായി അനീഷ്. മേഖലയിൽ കഴിഞ്ഞ 12 വർഷത്തിനിടെ 15 പേരുടെ ജീവൻ എടുത്തതിൽ മോഴയാനയാണെന്ന് ആദിവാസി മേഖലയിലുള്ളവർ നിരന്തരം പരാതി ഉന്നയിച്ചിരുന്നു.
കഴിഞ്ഞ 2025 ഫെബ്രുവരി 23ന് വെള്ളി- ലീല ദമ്പതികളെ ഉൾപ്പെടെ കൊന്നത് മോഴയാനയാണെന്ന് പ്രദേശവാസികൾ സാക്ഷ്യപ്പെടുത്തിയിരുന്നു. മരണത്തെത്തുടർന്നുണ്ടായ കടുത്ത പ്രതിഷേധങ്ങൾ അവസാനിപ്പിക്കാൻ സ്ഥലത്തെത്തിയ വനംമന്ത്രി എ.കെ. ശശീന്ദ്രന്റെ മുന്നിലും പ്രധാന ആവശ്യങ്ങളിൽ ഒന്നായി മോഴയാനയെ പിടികൂടി മാറ്റണമെന്ന് എല്ലാവരും ഒന്നടങ്കം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ ഉറപ്പും ലഭിച്ചിരുന്നു.
എന്നാൽ, ആന മതിലിന്റെ കാര്യത്തിൽ നടന്ന അതേ പരിഗണന മാത്രമാണ് ഇക്കാര്യത്തിലും ലഭിച്ചത്. കാര്യങ്ങൾ അന്നത്തെ ചർച്ചകളിൽ മാത്രം ഒതുങ്ങി. ഇന്നലെ അനീഷിന്റെ ജീവനെടുത്തതും ഇതേ മോഴയാനയാണ്. മേഖലയിൽ മോഴയാനയെ കൂടാതെ നാലോളം ആനകളാണു പ്രശ്നക്കാരായി ഉള്ളത്. കല്ലേരിക്കൊമ്പൻ, മൊട്ടു കൊമ്പൻ, സൂചിക്കൊമ്പൻ, കോരി കൊമ്പൻ എന്നീ ആനകളാണ് ഏറ്റവും കൂടുതൽ ഭീഷണി പരത്തുന്നത് ഇവയെല്ലാം പിടികൂടി ഫാമിൽനിന്നും മാറ്റണമെന്നാണ് പ്രദേശവാസികളുടെ പ്രധാന ആവശ്യം.
Tags : Anakali aneesh death Wild Elephant Attacked