തിരുവനന്തപുരം: മിൽമയുടെ തിരുവനന്തപുരം, മലബാർ മേഖലാ യൂണിയനുകളിൽ ഒഴിവുള്ള സ്ഥിരം തസ്തികകളിലേക്ക് നിയമന നടപടി ആരംഭിക്കുമെന്ന് മൃഗസംരക്ഷണ ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചുറാണി അറിയിച്ചു. 198 ഒഴിവുകളിലേക്കാണ് തിരുവനന്തപുരം മേഖല യൂണിയൻ നിയമന വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളത്.
മലബാർ മേഖലയിൽ 47 ഒഴിവുകളിൽ ആണ് വിജ്ഞാപനം. തിരുവനന്തപുരം മിൽമയിൽ 12 വർഷത്തെ ഇടവേളയ്ക്കുശേഷം നടത്തുന്ന നിയമന പ്രക്രിയയാണിത്.
മിൽമയിൽ മാനവവിഭവ ശേഷി ശക്തിപ്പെടുത്തുക, ഉത്പാദനക്ഷമത വർധിപ്പിക്കുക, അതുവഴി മിൽമയെ ഉയർച്ചയിലേക്ക് നയിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് നിയമന നടപടികൾ ആരംഭിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
ക്ഷീരകർഷകരുടെ സഹകരണ സ്ഥാപനം എന്ന നിലയിൽ അവിടത്തെ സ്ഥിരനിയമനങ്ങളിൽ ക്ഷീരകർഷകർക്കും അവരുടെ ആശ്രിതർക്കും നിയമനസംവരണം കൊണ്ടുവരുന്നതിന് സർക്കാർ തത്വത്തിൽ അനുമതി നൽകിയിരുന്നു.
സഹകരണ ചട്ടങ്ങളിൽ ഇതിനു വേണ്ട ഭേദഗതി വരുത്തുന്നത് വരെ നിലവിൽ നടക്കാൻ പോകുന്ന നിയമനങ്ങളിൽ ക്ഷീരകർഷകർക്കും അവരുടെ ആശ്രിതർക്കും മുൻഗണന ഏർപ്പെടുത്താൻ മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. പട്ടികജാതി പട്ടികവർഗ വിഭാഗം, ഭിന്നശേഷി വിഭാഗം, എന്നിവർക്ക് ചട്ടപ്രകാരമുള്ള സംവരണം നൽകിയാണ് വിജ്ഞാപനം തയാറാക്കിയിട്ടുള്ളത്.
Tags : Milma permanent posts