തിരുവനന്തപുരം: കാപ്പ നിബന്ധനകൾ ലംഘിച്ച് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. വട്ടിയൂർക്കാവ് വികെപി നഗർ സ്വദേശി വിഷ്ണുവിനെ (34)യാണ് വട്ടിയൂർക്കാവ് പോലീസ് പിടികൂടിയത്.
വ്യാഴാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. ബന്ധുവുമായി ഉണ്ടായ തർക്കത്തിലെ മുൻവൈരാഗ്യത്തെ തുടർന്ന് കാഞ്ഞിരംപാറ ഭാഗത്ത് വച്ച് നിഖിൽ രാജ് എന്ന യുവാവിനെ വിഷ്ണു ആക്രമിക്കുകയായിരുന്നു.
ബൈക്കിൽ ഇരുന്ന നിഖിലിനെ കോൺക്രീറ്റ് കട്ട ഉപയോഗിച്ച് തലയ്ക്ക് അടിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിഖിൽ ചികിത്സയിലാണ്.
അറസ്റ്റിലായ വിഷ്ണു വട്ടിയൂർക്കാവ്, മ്യൂസിയം, കന്റോൺമെന്റ് തുടങ്ങിയ സ്റ്റേഷനുകളിലായി കൊലപാതകശ്രമം, ലഹരിമരുന്ന് വിൽപ്പന ഉൾപ്പെടെ 13 ഓളം കേസുകളിലെ പ്രതിയാണ്. സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനുള്ള കാപ്പ നിയമപ്രകാരം ഇയാൾ വട്ടിയൂർക്കാവ് സ്റ്റേഷനിൽ ആഴ്ചയിലൊരിക്കൽ റിപ്പോർട്ട് ചെയ്യണമെന്ന നിബന്ധന ഉണ്ടായിരുന്നു.
ഇത് ലംഘിച്ചാണ് നിഖിലിനെതിരെ ആക്രമണം നടത്തിയത്. കാപ്പ നിബന്ധനകൾ ലംഘിച്ചതിനും കൊലപാതക ശ്രമത്തിനും ഇയാൾക്കെതിരെ കൂടുതൽ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
Tags : Attempt to murder youth Kappa terms arrest