തിരുവനന്തപുരം: സംസ്ഥാനത്ത് പകൽ താപനില കുതിച്ചുയരുന്നു. പാലക്കാട് ജില്ലയിലാണ് ഇന്നലെ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ടത്. ഇവിടെ രേഖപ്പെടുത്തിയ കൂടിയ പകൽ താപനില 36.9 ഡിഗ്രി സെൽഷ്യസാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
വരും ദിവസങ്ങളിലും സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും പകൽച്ചൂട് തീവ്രമാകാൻ സാധ്യതയുള്ളതിനാൽ 11 ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകി.
ഇന്ന് കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളിൽ പകൽ താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ പകൽ താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാനിടയുണ്ടെന്നാണ് മുന്നറിയിപ്പ്.
ഈ സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും രാവിലെ 11 മുതൽ ഉച്ചയ്ക്ക് മൂന്നു വരെ കൂടുതൽ സമയം നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്നും ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി പൊതുജനങ്ങൾക്കായി നൽകിയ മാർഗനിർദേശത്തിൽ അറിയിച്ചു.
Tags : Be carefuത Temperatures soaring