പാലാ: ചുറ്റുമുള്ള മനുഷ്യര്‍ എല്ലാം കര്‍ത്താവിന്റെ ഛായയാണെന്ന തിരിച്ചറിവോടെ കര്‍ത്താവിന്റെ മഹത്വത്തിനു വേണ്ടി ജീവിതം സമര്‍പ്പിച്ച പുണ്യാത്മാവാണ് ധന്യന്‍ കദളിക്കാട്ടില്‍ മത്തായി അച്ചനെന്ന് സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍.
ധന്യന്‍ കദളിക്കാട്ടില്‍ മത്തായി അച്ചന്റെ 91ാം ചരമ വാര്‍ഷികാചരണത്തോടനുബന്ധിച്ച് പാലാ എസ് എച്ച് പ്രൊവിന്‍ഷ്യല്‍ ഹൗസ് കപ്പേളയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു മേജര്‍ ആര്‍ച്ച് ബിഷപ്. ഫാ.ചെറിയാന് തുണ്ടുപറമ്പില്‍ സി എം ഐ, ഫാ.മാത്യു കദളിക്കാട്ടില്‍, ഫാ.സനില്‍ മാളിയേക്കല്‍, ഫാ.ട്വിങ്കിള്‍ പ്ലാക്കുഴി എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.
കദളിക്കാട്ടില്‍ മത്തായി അച്ചന്റെ ചരമവാര്‍ഷികാചരണത്തോടനുബന്ധിച്ച് നടന്ന നവനാള്‍ പ്രര്ഥനാശുശ്രൂഷകളിലും പ്രധാന ദിവസമായ ഇന്നലെയും നാടിന്റെ നാനാ ഭാഗത്തു നിന്നും നിരവധി ഭക്തജനങ്ങളാണ് ധന്യന്റെ കബറിടം സ്ഥിതി ചെയ്യുന്ന പാലാ എസ് എച്ച് പ്രൊവിന്‍ഷ്യല്‍ ഹൗസ് കപ്പേളയിലെത്തിയത്.
തിരുഹൃദയ സന്യാസിനി സമൂഹം സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ഉഷാ മരിയ, ജനറല്‍ എഡ്യുക്കേഷന്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ ആന്‍സി പോള്‍, പാലാ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ മെര്ലിന് അരീപ്പറമ്പില്‍, വൈസ് പോസ്റ്റുലേറ്റര്‍ സിസ്റ്റര്‍ തെരേസ് കോയിപ്പുറം, തുടങ്ങിയവര്‍ നേതൃത്വം നല്കി.
ദൈവികമായ ഇടപെടലിന്റെ ആള്‍രൂപമാണ് കദളിക്കാട്ടില്‍ മത്തായി അച്ചന് എന്നും കര്‍ത്താവിനെ വിട്ട് ഓടാനുള്ള പ്രവണത വര്‍ധിച്ചുവരുന്ന ഈ കാലഘട്ടത്തില്‍ ഈശോയുടെ കൂടെ സഞ്ചരിക്കാനുള്ള ആഹ്വാനം ചുറ്റുമുള്ളവര്‍ക്ക് പകര്‍ന്നു നല്‍കുകയും ചെയ്ത ഉത്തമനായ പുരോഹിതനായിരുന്നു അദ്ദേഹമെന്നും ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.
ധന്യന്‍ കദളിക്കാട്ടില്‍ മത്തായി അച്ചന്റെ 91ാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് ശ്രാദ്ധ സദ്യയുടെ വെഞ്ചരിപ്പ് നിര്‍വഹിച്ച് സന്ദേശം നല്‍കുകയായിരുന്നു ബിഷപ്.
ജാതി, മത, വര്‍ഗ,വര്‍ണ വ്യത്യാസമില്ലാതെ എല്ലാവരെയും സ്നേഹിച്ച വലിയ ഹൃദയത്തിന് ഉടമയായ കദളിക്കാട്ടിലച്ചൻ തിരുഹൃദയ ഭക്തി വളര്‍ത്തിയെന്നും ബിഷപ് അനുസ്മരിച്ചു.
Tags : Mar Thattil Kadalikattil Father Mathai glory Lord