ആലപ്പുഴ: അതിവേഗത്തിലെത്തിയ കാർ നിയന്ത്രണംവിട്ട് ഇടിച്ച് റോഡരികിലെ കടയ്ക്കുമുന്നിൽ ചായകുടിച്ചുനിന്ന യുവാവ് മരിച്ചു. കഞ്ഞിക്കുഴി പഞ്ചായത്ത് തകിടിവെളിയിൽ സുനിൽകുമാറിന്റെ മകൻ എസ്. സുധീഷ് (35)ആണ് മരിച്ചത്.
തിങ്കളാഴ്ച വൈകീട്ട് 3.15-ന് ആലപ്പുഴ പഴവീട് മെഡിക്കൽ സെന്ററിന് എതിർവശത്തായിരുന്നു അപകടം. നിയന്ത്രണം വിട്ട കാർ ആദ്യം മറ്റു വാഹനങ്ങളിലിടിച്ചശേഷം സുധീഷിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
നിർമാണത്തൊഴിലാളിയായ സുധീഷ്, ഭാര്യ സുജിമോൾക്കൊപ്പം തിരുവല്ലയിലെ ബന്ധുവീട്ടിൽപ്പോയി ബൈക്കിൽ മുഹമ്മയിലെ വീട്ടിലേക്കു മടങ്ങുകയായിരുന്നു. പഴവീട് എത്തിയപ്പോൾ വണ്ടി നിർത്തി ബൈക്കിൽ ചാരിനിന്നു ചായകുടിക്കുന്നതിനിടെയാണ് കുതിച്ചെത്തിയ കാർ സുധീഷിനെ ഇടിച്ചുതെറിപ്പിച്ചത്. നാട്ടുകാർ ഉടൻ ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഗർഭിണിയെ വയറുവേദന മൂലം ആശുപത്രിയിലെത്തിക്കാൻ അതിവേഗതയിൽ പോയ കാറാണ് അപകടമുണ്ടാക്കിയത്. യുവതിയുടെ സഹോദരനാണ് വാഹനം ഓടിച്ചിരുന്നതെന്നാണ് വിവരം. ഭർത്താവും കൈക്കുഞ്ഞും ഒപ്പമുണ്ടായിരുന്നു. സംഭവത്തിൽ ആലപ്പുഴ സൗത്ത് പോലീസ് കേസെടുത്തിട്ടുണ്ട്.
Tags : car accident man died