തിരുവനന്തപുരം: കോണ്‍ഗ്രസിലെ മുഖ്യമന്ത്രിതർക്കത്തിൽ സംസ്ഥാനത്തെ ചില സമ്മുന്നത നേതാക്കൾ പക്ഷംപിടിച്ചു പരസ്യപ്രസ്താവന തുടരുന്പോഴും ഹൈക്കമാൻഡ് ഇടപെടൽ ഉണ്ടാകാത്തതിൽ മുതിർന്ന നേതാക്കൾക്കടക്കം അമർഷം.
തെരഞ്ഞെടുപ്പുഫലം പുറത്തു വരുന്നതിനു മുൻപ് കോണ്‍ഗ്രസിൽ മുഖ്യമന്ത്രിസ്ഥാനത്തെച്ചൊല്ലിയുള്ള തമ്മിലടി രൂക്ഷമായിട്ടും ഹൈക്കമാൻഡ് വിലക്ക് ഏർപ്പെടുത്താത്തതിൽ യുഡിഎഫ് ഘടകകക്ഷികളും അതൃപ്തി അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഉചിതമായ നിർദേശം നൽകാത്ത ഹൈക്കമാൻഡ് നടപടിയിൽ സംസ്ഥാനത്തെ മുതിർന്ന കോണ്‍ഗ്രസ് നേതാക്കളും അതൃപ്തി പ്രകടമാക്കുന്നത്.
കോണ്‍ഗ്രസ് പ്രവർത്തകസമിതി അംഗവും കെപിസിസി മുൻ പ്രസിഡന്റുമായ കെ.സുധാകരൻ ഇതേ ആവശ്യം ഉന്നയിച്ചു കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയെ കണ്ടതായി പ്രചാരണമുണ്ടായിരുന്നു. ഇത്തരത്തിൽ പ്രചാരണമുണ്ടായിട്ടും വിലക്ക് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാത്തതിലാണ് വിമർശനം.
വോട്ടെണ്ണലിന് രണ്ടാഴ്ച മാത്രം അവശേഷിക്കേ മുഖ്യമന്ത്രി തർക്കം അതിരൂക്ഷമാണ്. എന്നാൽ, കഴിഞ്ഞ ദിവസം മാധ്യമങ്ങളെ കണ്ട പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കു മറുപടി നൽകിയില്ല.
മുഖ്യമന്ത്രിസ്ഥാനത്തിനായി ലോബിയിംഗ് നടത്തേണ്ടതില്ലെന്നാണ് വി.ഡി. സതീശന്റെ നിലപാട്. തെരഞ്ഞെടുപ്പുഫലം വന്നശേഷം കാര്യങ്ങൾ വിലയിരുത്തി തുടർനടപടി സ്വീകരിക്കാനാണ് സതീശന്റെ നീക്കമെന്നാണു സൂചന.
ഹൈക്കമാൻഡ് തീരുമാനത്തിന് അനുസരിച്ചുള്ള നടപടിയാകും സ്വീകരിക്കുക. ഫലം വരുംമുൻപ് ചർച്ചകൾ നടക്കുന്നത് ജനങ്ങൾക്കിടയിൽ അവമതിപ്പ് ഉണ്ടാക്കുമെന്ന അഭിപ്രായമാണ് സതീശന് അടുപ്പമുള്ളവരുമായി പങ്കുവയ്ക്കുന്നതെന്നാണ് വിവരം. മുഖ്യമന്ത്രിസ്ഥാനത്തെച്ചൊല്ലി പുറത്തു നടക്കുന്ന ചർച്ചകളിൽ കോണ്‍ഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തലയ്ക്കും അതൃപ്തിയുണ്ട്. പരസ്യവിമർശനം അവസാനിപ്പിക്കാൻ ഹൈക്കമാൻഡ് ഉചിതമായ ഇടപെടൽ നടത്താത്തിൽ മുസ്ലിം ലീഗ് നേതൃത്വവും അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
Tags : Chief Ministerial Debate High’ Command