പാലക്കാട്: ബിജെപി വനിതാ നേതാവിനെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് ശോഭാ സുരേന്ദ്രനെതിരെ പോലീസിൽ പരാതി നൽകി. ആലപ്പുഴ നോർത്ത് ജില്ലാ വൈസ് പ്രസിഡന്റ് ബിന്ദു വിനയകുമാറാണ് പരാതിക്കാരി.
ബിന്ദുവിനെ ശോഭാ സുരേന്ദ്രൻ ഭീഷണിപ്പെടുത്തുന്ന ശബ്ദ സന്ദേശവും പുറത്തായി. നിങ്ങൾ ബിജെപി പ്രവർത്തക അല്ലേയെന്ന് ചോദിച്ചാണ് ശോഭ സംഭാഷണം തുടങ്ങുന്നത്. പാലക്കാട്ടെ വോട്ടർക്ക് പണം നൽകിയ സ്ത്രീക്ക് പിന്നിൽ ബിന്ദുവാണെന്നും അടിച്ച് പണിക്കുറ്റം തീർക്കുമെന്നും ഫോൺ സന്ദേശത്തിൽ ശോഭ പറയുന്നുണ്ട്.
വോട്ടർക്ക് പണം നൽകിയ സ്ത്രീ വന്നത് ആലപ്പുഴ രജിസ്ട്രേഷനിലുള്ള കാറിലാണെന്നും ബിന്ദുവിനെ കോടതി കയറ്റുമെന്നും സംസ്ഥാന അധ്യക്ഷന് പരാതി നൽകുമെന്നും ശോഭ പറയുന്നുണ്ട്. വെള്ളിയാഴ്ചയാണ് ശോഭ വിളിച്ചതെന്ന് ബിന്ദു നൽകിയ പരാതിയിൽ പറയുന്നു.
ഫോണിലൂടെ സഭ്യമല്ലാത്ത ഭാഷയിൽ സംസാരിച്ചു. തന്നെയും ഭർത്താവിനെയും അപായപ്പെടുത്തുമെന്ന് ശോഭ ഭീഷണിപ്പെടുത്തിയെന്നും ബിന്ദു പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Tags : election Sobha Surendran complaint