കോട്ടയം: എംജി യൂണിവേഴ്സിറ്റിയുടെ ഒമ്പതാമത് പ്രത്യേക ബിരുദദാന ചടങ്ങില്‍ ചലച്ചിത്രതാരം മമ്മൂട്ടി, നാഗസ്വര വിദ്വാന് തിരുവിഴ ജയശങ്കര്‍, വാസ്കുലാര്‍ സര്ജന് ഡോ. എന്‍. രാധാകൃഷ്ണന് എന്നിവര്‍ യൂണിവേഴ്സിറ്റി ചാന്‍സലര്‍ ഗവര്‍ണര്‍ വിശ്വനാഥ് രാജേന്ദ്ര അര്‍ലേക്കറില്‍ നിന്ന് ഓണററി ഡോക്്ടറേറ്റ് ഏറ്റുവാങ്ങി.
മമ്മൂട്ടിക്കും തിരുവിഴ ജയശങ്കറിനും ഡോക്്ടര്‍ ഓഫ് ലെറ്റേഴ്സ് അഥവാ ഡിലിറ്റ് ബിരുദവും ഡോ. എന്‍. രാധാകൃഷ്ണന് ഡോക്്ടര്‍ ഓഫ് സയന്‍സ് അഥവാ ഡിഎസ്സി ബിരുദവുമാണ് നല്‍കിയത്.
നേട്ടങ്ങള്‍ തങ്ങളുടേത് മാത്രമായി ചുരുക്കാതെ ചുറ്റുമുള്ളവരുടേത് കൂടിയാണെന്ന് കരുതുന്നവരാണ് ഡോക്്ടറേറ്റ് കൈപ്പറ്റിയ മൂന്നുപേരുമെന്ന് ചാന്‍സലര്‍ വിശ്വനാഥ് അര്‍ലേക്കര്‍ പറഞ്ഞു.
യഥാര്‍ഥ മികവ് ഉയര്‍ന്നുവരുന്നത് അറിവ് നേടാനുള്ള നിരന്തര ശ്രമത്തിലൂടെയും സാമൂഹ്യ സേവനത്തിലൂടെയുമാണെന്ന് ഈ വിശിഷ്ട വ്യക്തിത്വങ്ങള്‍ നമ്മെ ഓര്‍മിപ്പിക്കുന്നതായി യൂണിവേഴ്സിറ്റി പ്രോ ചാന്‍സലര്‍കൂടിയായ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍ അഭിപ്രായപ്പെട്ടു.
വൈസ് ചാന്‍സലര്‍ പ്രഫ. ഡോ. സി.ടി. അരവിന്ദകുമാര്‍, രജിസ്ട്രാര്‍ പ്രഫ. ഡോ. ബിസ്മി ഗോപാലകൃഷ്ണന് എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്കി.
കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി, നാട്ടകം സുരേഷ് എംഎല്‍എ, ജില്ലാ കളക്്ടര്‍ ചേതന്‍കുമാര്‍ മീണ, അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഒ.എ. സജി, ജില്ലാ പഞ്ചായത്തംഗം ജിം അലക്സ്, ബ്ലോക്ക് പഞ്ചായത്തംഗം ഡോ. റോസമ്മ സോണി, പഞ്ചായത്തംഗം മറിയാമ്മ മാത്യു, സിന്‍ഡിക്കറ്റംഗങ്ങള്‍,യൂണിവേഴ്സിറ്റി അധ്യാപകര്‍, ഉദ്യോഗസ്ഥര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.