കോഴിക്കോട്: കോഴിക്കോട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ലോട്ടറി ക്ഷേമനിധി ഓഫീസ് കോൺക്രീറ്റ് പാളികൾ അടർന്നു വീണിട്ടും കണ്ണുതുറക്കാതെ അധികൃതര്‍. അഞ്ചിലധികം വനിതാ ജീവനക്കാര്‍ ജീവൻ പണയം വച്ചുകൊണ്ടാണ് ഇവിടെ ജോലി ചെയ്യുന്നത്.
2025ല്‍ ഇതേ കാലയളവില്‍ കോൺക്രീറ്റ് പാളികൾ തകർന്നുവീണിരുന്നു. തലനാരിഴയ്ക്കാണ് ജീവനക്കാര്‍ രക്ഷപ്പെട്ടത്. ഓഫീസിന്റെ അവസ്ഥകൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിച്ചിട്ടും നടപടിയായില്ല. ബോർഡ് ചെയർമാനും ലോട്ടറി ഡയറക്ടറും ഓഫീസില്‍ എത്തി സ്ഥിതിഗതലികള് വിലയിരുത്തിയിരുന്നു. എന്നാല്‍ വന്നതുപോലെ പോയി എന്നുമാത്രം. ഒരു വർഷം കഴിഞ്ഞിട്ടും ഒരു മാറ്റവും സംഭവിച്ചില്ല .
ജോലിക്കാർക്ക് സുരക്ഷിതമായി ജോലി ചെയ്യാൻ പറ്റുന്ന അവസ്ഥയിൽ അല്ല ഇപ്പോഴും ഓഫീസ് കെട്ടിടം. ലോട്ടറിത്തൊഴിലാളികൾക്ക് ഓഫീസിൽനിന്ന് ടിക്കറ്റ് എടുക്കാനും ക്ഷേമനിധിയിലുള്ള അംഗങ്ങൾക്ക് അംശാദായം അടയ്ക്കുവാനും ഇവിടെ എത്താന്‍ പേടിയാണ്. എപ്പോൾ വേണമെങ്കിലും ഇടിഞ്ഞുവീണു അപകടങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ടെന്നറിയാമെങ്കിലും ജീവനക്കാര്‍ക്ക് മറ്റ് വഴികളില്ല.
പരിഹാരമില്ലെങ്കിൽ ശക്തമായ സമരപരിപാടിയുമായി മുന്നോട്ടുപോകുമെന്ന് ഓൾ കേരള ലോട്ടറി ഏജന്റ് ആൻഡ് സെല്ലേഴ്സ് കോൺഗ്രസ് (ഐഎന്‍ടിയുസി) കോഴിക്കോട് ജില്ലാ കമ്മിറ്റി അറിയിച്ചു.
ധനകാര്യ മന്ത്രിക്കും ലോട്ടറി ഡയറക്ടർക്കും ഇക്കാര്യത്തില്‍ നിവേദനം നൽകുവാനും തീരുമാനിച്ചു.
Tags : Concrete Concrete slabs Lottery Welfare Office Lottery