തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം അടുത്തഘട്ടത്തിലേക്ക് കടന്നതോടെ ശബരിമലയിലെ സ്വർണക്കൊള്ള വിഷയം ശക്തമായ പ്രചാരണ വിഷയമാക്കി കോണ്‍ഗ്രസ്.
കോണ്‍ഗ്രസ് ദേശീയ നേതാക്കൾ തന്നെയാണ് ശബരിമല സ്വർണക്കൊള്ള വീണ്ടും ചർച്ചയാക്കിയത്. ഇന്നലെ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും എഐസിസി ജനറൽ സെക്രട്ടറി സച്ചിൻ പൈലറ്റ് ഉൾപ്പെടെയുള്ളവരും ശബരിമല സ്വർണമോഷണവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് തെരഞ്ഞെടുപ്പ് പ്രചാരണയോഗങ്ങളിലും പത്രസമ്മേളനങ്ങളിലും പരാമർശിച്ചത്.
ഇതോടെ ബിജെപി സിപിഎം ഡീൽ വിവാദത്തിനു പിന്നാലെ ശബരിമല സ്വർണക്കൊള്ളയും ഇനിയുള്ള ദിവസങ്ങളിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകുമെന്നുറപ്പ്. കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി കേരളത്തിൽ ബിജെപിസിപിഎം ഡീൽ എന്ന പരാമർശം നടത്തിയതിനു പിന്നാലെ രൂക്ഷ പ്രതികരണങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു.രാഹുൽ ഗാന്ധി അടൂരിലും പത്തനംതിട്ടയിലും നടന്ന പൊതുയോഗങ്ങളിൽ ശബരിമല സ്വർണക്കൊള്ളയെക്കുറിച്ച് പരാമർശം നടത്തി.
സ്വർണം കട്ടത് ആരപ്പാ എന്ന പാരഡിഗാന വരികളും രാഹുൽ ഗാന്ധി പൊതുയോഗത്തിൽ പ്രസംഗത്തിനിടെ പാടി. തിരുവനന്തപുരത്ത് പത്രസമ്മേളനം നടത്തിയ ഐഐസിസി ജനറൽ സെക്രട്ടറി സച്ചിൻ പൈലറ്റും ഇന്നലെ പ്രധാനമായും ചർച്ചയാക്കിയത് ശബരിമലയിലെ സ്വർണക്കൊള്ളവിവാദമായിരുന്നു. സ്വർണക്കൊള്ളയിൽ നിരവധിപ്പേർ അറസ്റ്റിലായിട്ടും കൃത്യസമയത്ത് കുറ്റപത്രം സമർപ്പിക്കാത്തതിനാൽ പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കുകയാണ് ഉണ്ടായത്.
കുറ്റപത്രം നല്‍കുന്നത് മനപ്പൂർവം വൈകിപ്പിക്കുകയായിരുന്നുവെന്നും ഇത്തരമൊരു നീക്കം നടന്നത് സംസ്ഥാന സർക്കാരിന്റെ പൂർണ പിന്തുണയോടെയാണ്.
യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയാൽ ശബരിമല സ്വർണക്കൊള്ളക്കേസിലെ എല്ലാ പ്രതികളേയും അഴിക്കുള്ളിലാക്കുമെന്നും സച്ചിൻ കൂട്ടിച്ചേർത്തു. ബിജെപിക്ക് കേരളാ നിയമസഭാ തെരഞ്ഞെടുപ്പിൽ കാര്യമായ റോളില്ലെന്നും സിപിഎമ്മിനെ സഹായിക്കാനായി കോണ്‍ഗ്രസിന്റെ വോട്ട് കുറയ്ക്കാനുള്ള പരമാവധി ശ്രമമാണ് ബിജെപി നടത്തുന്നതെന്നും സച്ചിൻ കൂട്ടിച്ചേർത്തു.
ദേശീയ തലത്തിൽ നോക്കിയാലും പ്രാദേശിക തലത്തിൽ നോക്കിയാലും കോണ്‍ഗ്രസ് നേതാക്കൾക്കെതിരേയാണ് ഇഡി നീക്കം നടത്തുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ട് വരെ തടഞ്ഞ സമീപനമാണ് ബിജെപി സർക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടായത്.
കേരളത്തിൽ കോണ്‍ഗ്രസിനെ ക്ഷീണിപ്പിക്കാനായാണ് ബിജെപി ഇടതു പാർട്ടികളെ ഉപയോഗിക്കുന്നതെന്ന പരാമർശവും സച്ചിൻ പൈലറ്റ് നടത്തി. ശബരിമല സ്വർണക്കൊള്ള സംബന്ധിച്ച് പ്രചാരണം ശക്തമാക്കിയതോടെ ബിജെപിസിപിഎം ഡീൽ ആരോപണത്തിനു പിന്നാലെ ശബരിമല വിഷയവും കൂടുതൽ ചർച്ച ചെയ്യാനാണ് യുഡിഎഫ് ലക്ഷ്യമിടുന്നതെന്നു ഇതിലൂടെ വ്യക്തമാണ്. വരും ദിവസങ്ങളിൽ മുന്നണികൾ തമ്മിലുള്ള തെരഞ്ഞെടുപ്പ് പ്രചാരണ പോരിൽ ശബരിമല സ്വർണക്കൊള്ളയും ഉൾപ്പെടുമെന്നുറപ്പ്.
Tags : Congress Sabarimala gold a campaign issue rahul gandhi Priyanka gandhi