മലപ്പുറം: വാൽപ്പറ ദുരന്തത്തിൽ അധ്യാപകർ മരിച്ച പാങ്ങ് ജിഎൽപി സ്കൂളിലെ കുട്ടികൾക്ക് കൗണ്‍സലിംഗ് നൽകുമെന്ന് മന്ത്രി വി. ശിവൻകുട്ടി.
മരണവാർത്ത അറിഞ്ഞ് കുട്ടികൾ വിഷമകരമായ മാനസികാവസ്ഥയിലാണ്. ഇത് കൗണ്‍സലിംഗിലൂടെ പരിഹരിക്കും. സ്കൂളിലെ ഒരു അധ്യാപിക ഒഴികെ മറ്റെല്ലാ ജീവനക്കാരും മരണപ്പെടുകയെന്നത് അതീവ വേദനാജനകമാണ്.
പലപ്പോഴും വിനോദയാത്രാ സംഘങ്ങളാണ് അപകടത്തിൽപ്പെടുന്നത്. ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ എന്തുചെയ്യാനാകുമെന്ന് സർക്കാർ ഗൗരവമായി ആലോചിക്കും.
സ്കൂളിൽ ആവശ്യമായ അധ്യാപകരെ ഉടൻ നിയമിക്കുമെന്നും മന്ത്രി പറഞ്ഞു. പാങ്ങ് ഹയർ സെക്കൻഡറി സ്കൂളിൽ പൊതുദർശനത്തിൽ പങ്കെടുത്ത ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് സഹായം നൽകും. പരിക്കേറ്റ് ചികിത്സയിലുള്ളവരുടെ ചെലവ് സർക്കാർ വഹിക്കും.
സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങൾ മുഖ്യമന്ത്രിയെ ധരിപ്പിക്കും. അതിനുശേഷം സാധ്യമായ എല്ലാ കാര്യവും സർക്കാർ ചെയ്യുമെന്നും മന്ത്രി പറഞ്ഞു.