തിരുവനന്തപുരം: കിളിമാനൂരിൽ ദമ്പതികളെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ പിടിയിലായ വിഷ്ണു നേരത്തെയും മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ കേസുകളിലെ പ്രതിയെന്ന് പോലീസ് കണ്ടെത്തൽ.
ഇയാൾ മുൻപ് വെള്ളറട, വിഴിഞ്ഞം എന്നിവിടങ്ങളിൽ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് കേസുകളുണ്ട്. അതേസമയം അപകടം നടക്കുമ്പോൾ വിഷ്ണുവിനെ കൂടാതെ മറ്റാരും വാഹനത്തിലുണ്ടായിരുന്നില്ലെന്ന് പോലീസ് പറയുന്നു.
പ്രതി കൊല്ലം സ്വദേശിയായ സുഹൃത്തിനൊപ്പം മദ്യപിച്ച ശേഷം വാളകത്തേക്ക് ഥാർ ജീപ്പുമായി പോകുകയായിരുന്നു. മദ്യലഹരിയിലായിരുന്ന വിഷ്ണു കിളിമാനൂരിൽ വച്ച് ദമ്പതികൾ സഞ്ചരിച്ച ബൈക്ക് ഇടിച്ചുതെറിപ്പിച്ചു.
തുടർന്ന് ഇടിച്ച വാഹനം പിന്നോട്ടെടുത്തപ്പോഴാണ് സ്ത്രീയുടെ ശരീരത്തിലൂടെ കയറിയിറങ്ങിയത്. ജീപ്പിൽ കുരുങ്ങിയ ബൈക്കുമായി പോയപ്പോൾ ടയർ പൊട്ടി. തുടർന്ന് വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് നാട്ടുകാർ പിടികൂടുന്നത്.
ജാമ്യം ലഭിച്ചതിന് പിന്നാലെ ഇയാൾ തമിഴ്നാട്ടിലേക്ക് കടക്കുകയായിരുന്നു. പ്രതിയെ ജാമ്യത്തിൽ വിട്ടതിന് പിന്നിൽ രാഷ്ട്രീയ ഇടപെടലും സംശയിക്കുന്നുണ്ട്. ക്രിക്കറ്റ് കളിക്കാൻ പോയപ്പോൾ ഒപ്പമുണ്ടായിരുന്ന പോലീസ്, ഫയർഫോഴ്സ് ജീവനക്കാരായ സുഹൃത്തുക്കളുടെ തിരിച്ചറിയൽ കാർഡ് വണ്ടിയിൽ മറന്നുവച്ചതാണെന്ന് ഇയാൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
സംഭവത്തിൽ ഇരുവരെയും ചോദ്യം ചെയ്തെങ്കിലും സംഭവസമയം ഇവർ ഒപ്പമുണ്ടായിരുന്നില്ലെന്നാണ് പോലീസ് കണ്ടെത്തൽ. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തും.