കൊച്ചി: കേരളത്തിലെ സിപിഎം ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയെയാണ് അഭിമുഖീകരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. രാഷ്ട്രീയ കേരളം വരും ദിവസങ്ങളിൽ ഇനിയും വലിയ വിസ്മയങ്ങൾക്ക് സാക്ഷ്യം വഹിക്കുമെന്നും, അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ച ജി. സുധാകരനെ പിന്തുണയ്ക്കുന്ന കാര്യം യുഡിഎഫ് ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
"രാഷ്ട്രീയത്തിൽ വിസ്മയങ്ങൾ സംഭവിക്കുമെന്ന് ഞാൻ പറഞ്ഞപ്പോൾ പലരും പരിഹസിച്ചു. എന്നാൽ ഇപ്പോൾ അത് തുടങ്ങിക്കഴിഞ്ഞു. വരും ദിവസങ്ങളിൽ ഇതിലും വലിയ വിസ്മയങ്ങൾ കേരളം കാണാൻ പോകുകയാണ്," സതീശൻ പറഞ്ഞു. ജി. സുധാകരനെ പുകഴ്ത്തിയ പ്രതിപക്ഷ നേതാവ്, അദ്ദേഹം ഉത്തമനായ കമ്മ്യൂണിസ്റ്റാണെന്ന് ആവർത്തിച്ചു. അമ്പലപ്പുഴയിൽ അദ്ദേഹത്തിന് യുഡിഎഫ് പിന്തുണ നൽകുന്നതിനെക്കുറിച്ച് മുന്നണിയിലെ മറ്റു നേതാക്കളുമായി ആലോചിച്ച് ഉടൻ തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിലെ സിപിഎം ബംഗാളിനേക്കാൾ വലിയ തകർച്ചയിലേക്ക് നീങ്ങുകയാണ്. തീവ്ര വലതുപക്ഷ നിലപാടുകളുമായി വിട്ടുവീഴ്ച ചെയ്യുന്ന പാർട്ടിയിൽ നിന്ന് ഉത്തമരായ കമ്മ്യൂണിസ്റ്റുകൾ അകലുകയാണെന്നും സതീശൻ ആരോപിച്ചു. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെങ്കിലും കോടികൾ ചെലവാക്കി പിആർ വർക്കുകൾ നടത്താനാണ് സർക്കാർ ശ്രമിക്കുന്നത്.
Tags : V.D. Satheesan G. Sudhakaran