കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയം ഉറപ്പായതോടെ സിപിഎം പഴയ കള്ളവോട്ട് തന്ത്രം പൊടിതട്ടിയെടുത്ത് പ്രയോഗിക്കാൻ വ്യാജ ആധാർ കാർഡുകൾ നിർമിക്കുകയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി.
ഉന്നത നേതൃത്വത്തിന്റെ പിന്തുണയോടെയാണ് വ്യാജ ആധാർ കാർഡുകൾ നിർമിക്കുന്നതെന്നും കെ.സി. വേണുഗോപാൽ ആരോപിച്ചു. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പയ്യന്നൂർ സിപിഎം ഓഫീസ് കേന്ദ്രീകരിച്ചാണ് വ്യാജ ആധാർ കാർഡ് നിർമാണം നടന്നുവരുന്നത്. കല്യാശേരി മണ്ഡലത്തിലുള്ള നിരവധി വോട്ടുകള്‍ സിപിഎം പയ്യന്നൂരിലും ചേര്‍ത്തിട്ടുണ്ട്.
ഈ ഇരട്ട വോട്ടുകള്‍ക്ക് വ്യാജ ആധാര്‍ കാര്‍ഡ് നിർമിച്ച് കള്ളവോട്ട് ചെയ്യാനുള്ള നീക്കമാണു നടക്കുന്നത്. ഇതു സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് സ്ഥാനാര്‍ഥി പരാതി നല്‍കിയിട്ടുണ്ട്. പരാതി തെരഞ്ഞെടുപ്പ് കമ്മീഷന് ഗൗരവത്തിലെടുത്ത് ഇടപെടൽ നടത്തണം.
പരാജയ ഭീതിയിൽ വിറളിപിടിച്ച മാര്‍ക്സിസ്റ്റ് പാര്‍ട്ടി പയ്യന്നൂരിനു പുറമെ മറ്റിടങ്ങളിലും ജനാധിപത്യ വിരുദ്ധമായ രീതിയിലാണ് കാര്യങ്ങള്‍ നടത്തുന്നത്. തൃക്കരിപ്പുരില്‍ സന്ദീപ് വാര്യരെ തടഞ്ഞു. ജി. സുധാകരന്റെ ഡ്രൈവറെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തി.
സിപിഎമ്മില്‍നിന്നു പുറത്തുവന്നവരെ ടി.പി. ചന്ദ്രശേഖരന്റെ അനുഭവം ഓര്‍മിപ്പിച്ചുകൊണ്ടാണു സിപിഎം നേരിടുന്നത്. എന്തെല്ലാം തന്ത്രങ്ങള്‍ ഉപയോഗിച്ചാലും എല്‍ഡിഎഫ് ജയിക്കാന്‍ പോകുന്നില്ലെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.
Tags : CPM K.C. Venugopal fake Aadhaar cards making Kerala Assembly Election Niyama Sabha Election