തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ മാർച്ച് 12 മുതൽ പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല ഒപി ബഹിഷ്കരണവും ശസ്ത്രക്രിയ ബഹിഷ്കരണവും ഉൾപ്പെടെയുള്ള സമരപരിപാടികൾ താൽക്കാലികമായി നീട്ടിവയ്ക്കാൻ കേരള ഗവൺമെന്റ് മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷൻ (KGMCTA) സംസ്ഥാന സമിതി തീരുമാനിച്ചു.
ഡോക്ടർമാർ സർക്കാരുമായി നടത്തിയ ചർച്ചകൾ ശുഭാപ്തി വിശ്വാസമേകുന്ന സാഹചര്യത്തിലാണ് സമരം നീട്ടിവച്ചത്. അനുകൂലമായ സർക്കാർ ഉത്തരവ് ഉണ്ടാകുന്നില്ലെങ്കിൽ സമരം പുനരാരംഭിക്കുന്ന പുതിയ തീയതി പിന്നീട് അറിയിക്കും.
2016 മുതലുള്ള ശമ്പള കുടിശിക നൽകിയും രോഗീ ബാഹുല്യത്തിന് അനുസരിച്ച് ഡോക്ടർമാരുടെ തസ്തികകൾ സൃഷ്ടിച്ചും ആവശ്യത്തിന് ചികിത്സാ സൗകര്യങ്ങൾ ഒരുക്കിയും മെഡിക്കൽ കോളജ് ഡോക്ടർമാരുടെ ആവശ്യങ്ങളിൽ അനുകൂലമായ ഉത്തരവ് ഉടൻ ഉണ്ടാകുമെന്നാണ് സംഘടനയുടെ പ്രതീക്ഷ. അല്ലാത്തപക്ഷം കൂടുതൽ തീവ്രതയോടെ സമരം പുനരാരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.