തിരുവല്ല: മാനേജ്മെന്റുകളെ ഭീഷണിപ്പെടുത്തുന്ന സ്വരം വിദ്യാഭ്യാസ വകുപ്പ് ഒഴിവാക്കണമെന്ന് കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ സ്കൂള്‍ മാനേജേഴ്സ് കണ്‍സോര്‍ഷ്യം ആവശ്യപ്പെട്ടു. വിദ്യാഭ്യാസ മേഖലയിലെ നിയമനങ്ങള്‍ തടസപ്പെടുത്തുന്ന തരത്തിലുള്ള ഇടപെടലുകള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും നിരന്തരം ഉണ്ടാകുന്നതില്‍ കണ്‍സോര്‍ഷ്യം ഉത്കണ്ഠ രേഖപ്പെടുത്തി.
എയ്ഡഡ് വിദ്യാഭ്യാസമേഖലയെ തകര്‍ക്കുന്നതിനുവേണ്ടി എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനം തടഞ്ഞുവയ്ക്കുന്നു. നിയമനങ്ങളില്‍ നാലു ശതമാനം എന്നതില്‍ നിന്നും 25: 50 എന്ന ക്രമത്തിലോ അല്ലെങ്കില്‍ 13: 38 എന്ന ക്രമത്തിലോ മാത്രം ഭിന്നശേഷി നിയമനം നടത്തിയാല്‍ മതി എന്നിരിക്കേ 1: 26 എന്ന ക്രമത്തില്‍ ഭിന്നശേഷി നിയമനം നടത്തണം എന്ന് സര്‍ക്കാര്‍ വാശി പിടിക്കുന്നത് സംവരണ കീഴ് വഴക്കങ്ങള്‍ക്കോ നിയമത്തിന്റെ അന്തസത്തയ്ക്കോ നിരക്കാത്തതും എയ്ഡഡ് സ്കൂളുകളെ, പ്രത്യേകിച്ച് ഒരു സ്കൂള്‍ മാത്രമുള്ള മാനജ്മെന്റുകളെയും അവിടത്തെ ജീവനക്കാരെയും കുട്ടികളെയും പ്രയാസത്തിലാക്കുന്നതുമാണ്.
പല സ്കൂളുകളിലും ഒന്നിലധികം വിഷയങ്ങള്‍ ഒരേ അധ്യാപകര്‍തന്നെ പഠിപ്പിക്കുന്ന സാഹചര്യത്തില്‍ ആദ്യ ഒഴിവുതന്നെ ഭിന്നശേഷി നിയമനത്തിനു നല്‍കണമെന്നു നിര്‍ബന്ധിക്കുന്നതിലൂടെ വിദ്യാര്‍ഥികളുടെ ഭാവി അപകടത്തിലാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് കെസിസി ഭാരവാഹികള്‍ ചൂണ്ടാക്കിട്ടി.
റോസ്റ്റര്‍ അടിയന്തരമായി റിപ്പോര്‍ട്ട് ചെയ്യാത്ത മാനേജര്‍മാര്‍ക്കെതിരേ നടപടികള്‍ സ്വീകരിക്കുമെന്ന ഉദ്യോഗസ്ഥ സര്‍ക്കുലറിലെ ഭീഷണി ആരുടെ നിര്‍ദേശ പ്രകാരമാണെന്നു സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും വെല്ലുവിളിയുടെയും ഭീഷണിയുടെയും സ്വരം അവസാനിപ്പിക്കണമെന്നും കെസിസി ജനറല്‍ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ്, കണ്‍സോര്‍ഷ്യം ഭാരവാഹികളായ കുരുവിള മാത്യൂസ്, പി.എസ്. ഫ്രാന്‍സിസ് എന്നിവര്‍ ആവശ്യപ്പെട്ടു.
Tags : Education department threat voice KCC School Managers Consortium