തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിക്കുന്നതിനു മുമ്പ് സ്ട്രോംഗ് റൂമുകൾ തുറന്നു. വോട്ടെണ്ണൽ രാവിലെ എട്ടു മുതൽ ആരംഭിക്കും. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുക. ഒരു മണിക്കൂറിനകം ഫല സൂചനകൾ ലഭ്യമായിത്തുടങ്ങും.
ഉച്ചയോടെ പൂർണ ചിത്രം തെളിയും. 43 സ്ഥലങ്ങളിലായി 140 കേന്ദ്രങ്ങളിലാണു വോട്ടെണ്ണൽ. ഓരോ റൗണ്ടും പൂർത്തിയാകാൻ അര മണിക്കൂർ വരെ വേണ്ടിവരാം. സ്ട്രോംഗ് റൂമിൽനിന്നു തപാൽ വോട്ടുകൾ ആദ്യം വോട്ടെണ്ണൽ ഹാളിൽ എത്തിച്ച് 50 വീതം കെട്ടുകളാക്കിയാണ് എണ്ണുക.
വൈകുന്നേരം അഞ്ചിന് മുഴുവൻ ഫലവും പുറത്തുവരും. വോട്ടെണ്ണൽ ഹാളിലേക്ക് എത്തുന്ന ഉദ്യോഗസ്ഥർ, സ്ഥാനാർഥികളുടെ ഏജന്റുമാർ എന്നിവർക്കെല്ലാം ക്യുആർ കോഡ് പതിച്ച തിരിച്ചറിയൽ കാർഡാണ് ഇത്തവണ നൽകുന്നത്.
പത്തു വർഷത്തെ ഇടവേളയ്ക്ക് ശേഷം മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്താമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. എക്സിറ്റ്പോൾ സൂചനകൾ തള്ളുന്ന എൽഡിഎഫ് നേരിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് പറയുന്നു.
കേരളത്തിൽ നിർണായക ശക്തിയാവുക എന്ന എക്കാലത്തേയും ആഗ്രഹം ഇത്തവണ സാധ്യമാകുമെന്ന് ബിജെപിയും കരുതുന്നു. മുഖ്യമന്ത്രി കണ്ണൂരിലെ വസതിയിലും വി.ഡി.സതീശൻ കന്റോൺമെന്റ് ഹൗസിലിരുന്നാണ് ഫലം കാണുക.
Tags : election results strong room