കാസർഗോഡ്: കർണാടകയിലെ ഹാസൻ ജില്ലയിൽ ഇഞ്ചിത്തോട്ടത്തിൽ അടിമവേലയ്ക്ക് നിയോഗിക്കപ്പെട്ട രണ്ടു മലയാളികളടക്കം 18 തൊഴിലാളികളെ കർണാടക പോലീസും റവന്യൂ ഉദ്യോഗസ്ഥരും ചേർന്ന് രക്ഷപ്പെടുത്തി. കാസർഗോഡ് പുത്തിഗെ സ്വദേശി ഉദയകുമാറും കൊല്ലം സ്വദേശി അനിൽ കുമാറുമാണ് രക്ഷപ്പെട്ട മലയാളികൾ.
കാപ്പിത്തോട്ടത്തിൽ ജോലി വാഗ്ദാനം ചെയ്താണ് ഇവരെ കൊണ്ടുപോയത്. പ്രതിദിനം 700 രൂപ കൂലിയും മൂന്നുനേരം ഭക്ഷണവും സൗജന്യ താമസസൗകര്യവും ഉറപ്പുനൽകിയിരുന്നു. എന്നാൽ പുറംലോകത്തുനിന്ന് ഒറ്റപ്പെട്ടുകിടക്കുന്ന ഇഞ്ചിത്തോട്ടത്തിലെ ഇടുങ്ങിയ ഷെഡ്ഡിലാണ് ഇവരെ എത്തിച്ചത്. ഇവിടെനിന്ന് രക്ഷപ്പെടാനാകാത്ത വിധത്തിൽ അടിമവേലയിൽ തളച്ചിടുകയായിരുന്നു. ഇവരുടെ മേൽ ശാരീരികമായ മർദനമുറകളും പ്രയോഗിച്ചിരുന്നു. രണ്ടുനേരം ഭക്ഷണം നൽകുന്നതല്ലാതെ വേറെ കൂലിയൊന്നും ഉണ്ടായിരുന്നില്ല.
കർണാടക സ്വദേശിയായ ഈരണ്ണ എന്നയാൾ നേരത്തേ ഇവിടെനിന്ന് രക്ഷപ്പെട്ടിരുന്നു. അവശനിലയിലായിരുന്ന ഇയാൾ വീട്ടിലെത്തിയതിനു പിന്നാലെ ഇയാളുടെ അമ്മ നൽകിയ പരാതിയെ തുടർന്നാണ് പോലീസും റവന്യൂ ഉദ്യോഗസ്ഥരും ഇവിടെ പരിശോധനയ്ക്കെത്തിയത്.
കർണാടക സ്വദേശികൾക്കും രണ്ടു മലയാളികൾക്കും പുറമേ ഒഡിഷ, ജാർഖണ്ഡ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ളവരും ഇവിടെയുണ്ടായിരുന്നു. എല്ലാവരെയും ഹാസൻ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ അതത് സംസ്ഥാനങ്ങളിലെ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ബന്ധുക്കൾക്കൊപ്പം പറഞ്ഞയയ്ക്കുകയായിരുന്നു.
ഒരുവർഷം മുമ്പാണ് താനും കർണാടക സ്വദേശികളായ മറ്റു നാലുപേരും ഇവിടെ ജോലിക്കെത്തി കുടുങ്ങിയതെന്ന് ഉദയകുമാർ പറഞ്ഞു. അനിൽ ഉൾപ്പെടെ മറ്റു 13 പേർ രണ്ടര വർഷത്തോളമായി ഇവിടെയുണ്ടായിരുന്നു. ഇവിടെ എത്തിപ്പെട്ടു കഴിഞ്ഞാൽ പുറംലോകവുമായി ബന്ധപ്പെടാനുള്ള സംവിധാനങ്ങൾ പോലും ഇല്ല.
ഹാസൻ ജില്ലയിലെ ജുട്ടനഹള്ളി-ഹലേബിഡ് മേഖലയിലാണ് തോട്ടം സ്ഥിതിചെയ്യുന്നത്. ഒരു കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് തോട്ടമെന്നാണ് സൂചന. ഉടമകളുടെ കീഴിലുള്ള ഇടനിലക്കാരാണ് തൊഴിലാളികളെക്കൊണ്ട് അടിമവേല ചെയ്യിച്ചിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കൃഷിയിടത്തിന്റെ ഉടമയ്ക്കും തോട്ടം നടത്തിപ്പുകാർക്കുമെതിരേ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് ഹാസൻ ജില്ലാ ഭരണകൂടം വ്യക്തമാക്കി.
കൂലിയില്ലാതെ രാവെളുക്കുവോളം പണി
ഷെഡിൽനിന്ന് പുലർച്ചെ ആറിന് ജീപ്പിൽ കയറ്റി വിവിധ ഭാഗങ്ങളിലെ തോട്ടങ്ങളിലേക്കു കൊണ്ടുപോവുകയായിരുന്നു പതിവ്. ഉച്ചയ്ക്ക് ഒന്നിനും വൈകുന്നേരം നാലിനും മാത്രമായിരുന്നു ചോറും പച്ചക്കറികളുമടങ്ങുന്ന ഭക്ഷണം നൽകിയിരുന്നത്. രാത്രി ഏഴിന് ഷെഡിലേക്കു തിരിച്ചെത്തിക്കുമ്പോൾ ഇതുതന്നെ ഒപ്പം കൊടുത്തയയ്ക്കും. വേറെ ഭക്ഷണമോ ശന്പളമോ ഒന്നും ഉണ്ടായിരുന്നില്ല. കുടിവെള്ളംപോലും കൃത്യമായി ലഭിച്ചിരുന്നില്ല. പ്രാഥമിക കൃത്യങ്ങൾക്കും സൗകര്യമുണ്ടായിരുന്നില്ല.
ഇവിടെനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നവരെ ക്രൂരമായ മർദനത്തിനിരയാക്കുമായിരുന്നു. ഇഞ്ചിത്തോട്ടത്തിലെ മണ്ണു നീക്കുന്നതടക്കമുള്ള കഠിനമായ ജോലികൾ ചെയ്യുന്നതിനിടയിലും തൊഴിലാളികളെ വടികൊണ്ട് അടിക്കുന്നത് പതിവായിരുന്നു.
Tags : Farm labor two Malayalis