കൊച്ചി: മനസിൽ എന്നും കോൺഗ്രസ് മാത്രം... അർഹിച്ചത് പലതും കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടമായപ്പോഴും മറ്റുള്ളവർക്കായി വഴിമാറിക്കൊടുക്കേണ്ടി വന്നപ്പോഴും പാർട്ടിയോടുള്ള മമതയും വിധേയത്വവും തെല്ലും കൈവിട്ടില്ല, കെ.പി. എന്ന കെ.പി. ധനപാലൻ.
എറണാകുളം ഡിസിസി പ്രസിഡന്റായിരിക്കെയാണ് 2001ൽ വടക്കേക്കര മണ്ഡലത്തിൽനിന്ന് നിയമസഭയിലേക്കു മത്സരിക്കാൻ അവസരം തേടിയെത്തിയത്. ആന്റണി ഗ്രൂപ്പുകാരനായ ധനപാലനു പ്രചാരണം തുടങ്ങി ഒരാഴ്ചയോളം പിന്നിട്ടശേഷം എം.എ. ചന്ദ്രശേഖരനായി സീറ്റ് മാറിക്കൊടുക്കേണ്ടിവന്നു. ചുവരെഴുത്തും പോസ്റ്റർ ഒട്ടിക്കലും എല്ലാം നടന്നതാണ്.
ശേഷമായിരുന്നു സ്ഥാനാർഥിമാറ്റം. കെ. കരുണാകരന്റെ താത്പര്യത്തിലായിരുന്നു നിനച്ചിരിക്കാത്ത നേരത്ത് ചന്ദ്രശേഖരന്റെ രംഗപ്രവേശം. പോസ്റ്റർ അടിച്ച് ചുമരെഴുതി പ്രചാരണം തുടങ്ങിയശേഷം സ്ഥാനാർഥിത്വം നിഷേധിക്കപ്പെട്ടിട്ടും കെ.പി. ധനപാലൻ പാർട്ടിയെ ധിക്കരിച്ചില്ല. പിന്മാറണമെന്ന ആന്റണിയുടെ നിർദേശത്തിന് അദ്ദേഹം പൂർണമായി വഴങ്ങി.
2009ൽ ചാലക്കുടിയിൽനിന്നു ജയിച്ചു പാർലമെന്റ് അംഗമായി. 2014ൽ വീണ്ടും ചാലക്കുടിയിൽനിന്നു ജനവിധി തേടാൻ ഒരുങ്ങുമ്പോഴാണ് ആ സീറ്റ് പി.സി. ചാക്കോയ്ക്കായി ഒഴിഞ്ഞുകൊടുക്കേണ്ടിവന്നത്. ചാലക്കുടി സീറ്റ് ആ തവണ കോൺഗ്രസിനു നഷ്ടമായി. തൃശൂർ സീറ്റിൽ മത്സരിക്കേണ്ടി വന്ന ധനപാലനും ജയിക്കാനായില്ല.
ഉറ്റ സുഹൃത്തായ വി.ഡി. സതീശൻ മുഖ്യമന്ത്രിയായപ്പോൾ അദ്ദേഹത്തെ ആദരിക്കാൻ കഴിഞ്ഞയാഴ്ച പറവൂർ പൗരാവലി ഒരുക്കിയ സമ്മേളനത്തിന്റെ സംഘാടക സമിതി കൺവീനർ ധനപാലനായിരുന്നു. അനാരോഗ്യം അലട്ടിയിരുന്നെങ്കിലും സമ്മേളന വേദിയിൽ ധനപാലനുമുണ്ടായിരുന്നു.
ഉദ്ഘാടനനേരം ഒരു കൈ നിലവിളക്കിലും മറുകൈ കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തൻവീട്ടിലിന്റെ കൈയിലും പിടിച്ചുനിന്ന ധനപാലന്റെ ജീവിതത്തിലെ അവസാനത്തെ പൊതുചടങ്ങാകുമതെന്ന് ആരും കരുതിയില്ല.
അഞ്ചു പതിറ്റാണ്ടിലേറെ രാഷ്ട്രീയ-സാമൂഹിക രംഗത്ത് നിറസാന്നിധ്യമായിരുന്നു ധനപാലന്. അര്‍ബുദ ബാധയെത്തുടര്‍ന്ന് ഏറെ നാളുകളായി വിശ്രമത്തിലായിരുന്നുവെങ്കിലും പൊതുരംഗത്തു സജീവമായിരുന്നു.
മുഖ്യമന്ത്രി വി.ഡി. സതീശനുപുറമെ, കെപിസിസി പ്രസിഡന്റും വൈദ്യുതി മന്ത്രിയുമായ അഡ്വ. സണ്ണി ജോസഫ്, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, മന്ത്രിമാരായ റോജി എം. ജോണ്‍, അനൂപ് ജേക്കബ്, ഒ.ജെ. ജനീഷ്, അഡ്വ. വി. ഇ. അബ്ദുള്‍ ഗഫൂര്‍, എംപിമാർ, എംഎൽഎമാർ, കോൺഗ്രസ് നേതാക്കൾ, രാഷ്ട്രീയ-സാമൂഹ്യ നേതാക്കൾ എന്നിവരും കെ.പി. ധനപാലന് ആദരാഞ്ജലി അർപ്പിക്കാനെത്തി.
Tags : K.P. Dhanapalan subservient everything party