കാസർഗോഡ്: വിവാഹ ദിവസം മുങ്ങിയ വരൻ ലൈംഗിക പീഡന പരാതിയിൽ പിടിയിലായി. കാസർഗോഡ് ജില്ലയിലെ ബളാലിന് സമീപമാണ് സംഭവം. വരനെതിരെ പ്രതിശ്രുത വധു നൽകിയ പരാതിയിലാണ് പോലീസ് നടപടി.
യുവാവും യുവതിയും നേരത്തെ പ്രണയത്തിലായിരുന്നു. ഇതേ തുടർന്ന് ഇരുവീട്ടുകാരും ചേർന്ന് കല്യാണം നിശ്ചയിക്കുകയായിരുന്നു. വധുവും ബന്ധുക്കളും വിവാഹത്തിന് എത്തുകയും ചെയ്തു. എന്നാൽ മുഹൂർത്ത സമയമായിട്ടും വരൻ എത്തിയില്ല.
തുടർന്ന് വരന്റെ സഹോദരിയും ബന്ധുക്കളും നേരിട്ടെത്തി വരനെ കാണാനില്ലെന്ന് യുവതിയെയും കുടുംബത്തെയും അറിയിച്ചു. വിവാഹം മുടങ്ങിയതോടെ ഇരുവീട്ടുകാരും അവരവരുടെ വീടുകളിലേക്ക് പോകുകയായിരുന്നു.
പിന്നാലെയാണ് പ്രണയിച്ചിരുന്ന സമയത്ത് തന്നെ യുവാവ് പീഡിപ്പിച്ചിരുന്നുവെന്ന് കാണിച്ച് വധു പോലീസിൽ പരാതി നൽകിയത്. വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനിലാണ് യുവതി പരാതി നൽകിയത്. ഇതേ തുടർന്നാണ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എന്നാൽ ഇയാൾ വിവാഹത്തിൽ നിന്ന് പിന്മാറാനുള്ള കാരണം ഇനിയും വ്യക്തമല്ല.
Tags : kasargodu kerala police crime news arrest