കൊച്ചി: പൊതു ഖജനാവില്‍നിന്ന് 20 കോടി ചെലവിട്ടു സര്‍ക്കാര്‍ നടത്തുന്ന നവകേരള സര്‍വേ ഹൈക്കോടതി റദ്ദാക്കി. 2025 ഒക്ടോബര്‍ പത്തിന് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവിലെയും അനുബന്ധ ഉത്തരവുകളിലെയും തുടര്‍നടപടികളും കോടതി റദ്ദാക്കി.
സര്‍വേയ്ക്കുള്ള നടപടിക്രമങ്ങളും തുക വിനിയോഗവും റൂള്‍സ് ഓഫ് ബിസിനസിനും ബജറ്റ് മാന്വലിനും വിരുദ്ധമാണെന്നു വിലയിരുത്തിയാണ് ചീഫ് ജസ്റ്റീസ് സൗമെന്‍ സെന്‍, ജസ്റ്റീസ് വി.എം. ശ്യാംകുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെ നടപടി.
കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍, ഓടക്കാലി സ്വദേശി എം.എച്ച്. മുബാസ് എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജികൾ അനുവദിച്ചാണ് ഉത്തരവ്.
രാഷ്ട്രീയലക്ഷ്യത്തോടെയുള്ള സര്‍വേയാണെന്നും പാര്‍ട്ടി ആഹ്വാനപ്രകാരമാണ് സര്‍ക്കാര്‍ ഇതു നടപ്പാക്കിയതെന്നുമായിരുന്നു ഹര്‍ജിക്കാരുടെ ആരോപണം. സര്‍ക്കാര്‍ ഉത്തരവും മന്ത്രിസഭാ തീരുമാനവും വരുന്നതിനുമുമ്പ്, സര്‍വേയ്ക്ക് വോളന്റിയര്‍മാരാകാന്‍ നിര്‍ദേശിച്ചു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് പാര്‍ട്ടി ഘടകങ്ങള്‍ക്കു സര്‍ക്കുലര്‍ നല്‍കിയത് ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജിക്കാരുടെ ആരോപണങ്ങള്‍ തള്ളിക്കളയാനാകില്ലെന്ന് കോടതി പറഞ്ഞു.
ജനുവരി ഒന്നിനു തുടങ്ങിയ സര്‍വേ ഈ മാസം 28 വരെയാണു നിശ്ചയിച്ചിരുന്നത്.
സ്പെഷൽ പിആര്‍ കാമ്പയിന് എന്ന പേരില്‍ ഇത് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിനെ ഏല്‍പ്പിച്ച് 20 കോടി അനുവദിച്ചത് കുറുക്കുവഴിയാണ്. ബജറ്റില്‍ ഉള്‍പ്പെടുത്താതെ അധിക പദ്ധതിവിഹിതം ചെലവിടുന്നതിന് മാന്വല്‍ പ്രകാരം ഇതു ഡിമാന്‍ഡ് ഓഫ് ഗ്രാന്റ്സായി അവതരിപ്പിച്ച നിയമസഭയുടെ മുന്‍കൂര്‍ അനുമതി വേണം. ബില്ലുകള്‍ക്ക് അംഗീകാരവും നേടണം- തുക ചെലവിട്ടശേഷം അംഗീകാരം നേടിയാല്‍ മതിയെന്ന സര്‍ക്കാര്‍ വാദം തള്ളിക്കൊണ്ട് കോടതി വ്യക്തമാക്കി.
പ്രളയത്തിന്റെയും മറ്റും പശ്ചാത്തലത്തില്‍ ദുരന്തനിവാരണ കര്‍മസേനയെ തെരഞ്ഞെടുക്കുന്നതിന് സജ്ജമാക്കിയ പോര്‍ട്ടല്‍ വഴിയാണു വോളന്റിയര്‍മാരെ തെരഞ്ഞെടുത്തത്. കര്‍മസേന എന്നത് ഏതെങ്കിലും സര്‍വേ ലക്ഷ്യമിട്ടുള്ള സംവിധാനമല്ലെന്നും കോടതി പറഞ്ഞു. സര്‍വേയുടെ നോഡല്‍ ഓഫീസായി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് തെരഞ്ഞെടുത്തത് റൂള്‍സ് ഓഫ് ബിസിനസിന്റെ ലംഘനമാണ്.
ഈ ചട്ടമനുസരിച്ച് പ്ലാനിംഗ്, സര്‍വേ നടപടികള്‍ പ്ലാനിംഗ് ആന്‍ഡ് ഇക്കണോമിക് അഫയേഴ്സ് വകുപ്പിന്റെയും നവകേരള കര്‍മപദ്ധതികളുടെ മേല്‍നോട്ടം പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ ആന്‍ഡ് ഇവാല്വേഷന്‍ വകുപ്പിന്റെയും ചുമതലയാണെന്ന് കോടതി വ്യക്തമാക്കി.
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്പ് പൂർത്തിയാക്കാൻ തയാറാക്കിയ സർക്കാർ ചെലവിലുള്ള നവകേരള സർവേ എന്ന "രാഷ്ട്രീയദൗത്യ’ത്തിനാണ് നീതിപീഠത്തിന്റെ പിടിവീണത്. സർക്കാർ പണം ചെലവഴിച്ചുള്ള സർവേ നടപടികളിലെ ചട്ടവിരുദ്ധതയും രാഷ്ട്രീയ താത്പര്യങ്ങളും സംബന്ധിച്ചു ഹൈക്കോടതി ഗുരുതര പരാമർശങ്ങളാണു നടത്തിയത്.
ഈ മാസം 28ന് സാമൂഹിക സന്നദ്ധസേനാംഗങ്ങളുടെ സേവനം ഉപയോഗപ്പെടുത്തിയുള്ള വിവരശേഖരണവും മാർച്ച് 31ന് റിപ്പോർട്ടും പൂർത്തിയാക്കുകയായിരുന്നു ലക്ഷ്യം.
നവകേരളം സിറ്റിസണ്‍ റെസ്പോൺസ് പ്രോഗ്രാമിന്റെ ഭാഗമായാണു ജനങ്ങളിൽനിന്ന് അഭിപ്രായങ്ങളും നിർദേശങ്ങളും ശേഖരിക്കുന്നതിന് സർവേ ആസൂത്രണം ചെയ്തത്. എല്ലാ കുടുംബങ്ങളില്‍നിന്നും സർക്കാരിന്റ ക്ഷേമപദ്ധതികളുടെ അനുഭവങ്ങളും അഭിപ്രായങ്ങളം തേടുക, പദ്ധതികളുടെ ഗുണഫലം എല്ലായിടത്തും എത്തിക്കുന്നതിനുള്ള കര്‍മപദ്ധതിക്ക് രൂപം നൽകുക എന്നതെല്ലാമായിരുന്നു സർവേയുടെ ലക്ഷ്യം.
ഇതിനായി ഓരോ തദ്ദേശസ്ഥാപനത്തിലെയും വാര്‍ഡടിസ്ഥാനത്തിൽ പഠനപരിപാടി നടത്തി നാലംഗ സന്നദ്ധപ്രവര്‍ത്തകരെ കണ്ടെത്തിയാണ് സർവേയ്ക്കു നിയോഗിക്കാൻ നിശ്ചയിച്ചത്. സർവേസംഘത്തിൽ പാർട്ടി പ്രവർത്തകരുടെ പങ്കാളിത്തം ഉറപ്പാക്കാൻ നേരത്തേതന്നെ നിർദേശിച്ചുകൊണ്ടുള്ള സിപിഎം സംസ്ഥാന സെക്രട്ടറി കീഴ്ഘടകങ്ങളിലേക്കു നൽകിയ കത്ത് ഹർജിക്കാർ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.
പോര്‍ട്ടലില്‍ വോളന്റിയര്‍മാരെ രജിസ്റ്റര്‍ ചെയ്യിക്കണമെന്നാവശ്യപ്പട്ടു സിപിഎം സംസ്ഥാന സെക്രട്ടറി ജില്ലാ കമ്മിറ്റികള്‍ക്കയച്ച സര്‍ക്കുലറുമായി പൊരുത്തപ്പെടുന്നതാണ് സര്‍ക്കാര്‍ തീരുമാനം.
സര്‍ക്കാര്‍ ഉത്തരവിനും മന്ത്രിസഭാ തീരുമാനത്തിനും മുമ്പേ പാര്‍ട്ടി സെക്രട്ടറി സര്‍ക്കുലര്‍ ഇറക്കിയെന്നതിലും തര്‍ക്കമില്ല. ദുരന്തനിവാരണത്തിനായി 2020ല്‍ സജ്ജമാക്കിയ പോര്ട്ടലില്നിന്നാണു സര്‍വേയ്ക്കായി വോളന്റിയര്‍മാരെ കണ്ടെത്തിയത്. ഇതിനു വ്യാപക പ്രചാരണം കൊടുത്തില്ല. ഇടുങ്ങിയ ജാലകത്തിലൂടെയായിരുന്നു സര്‍ക്കാര്‍ നടപടികള്‍. ഇതെല്ലാം വിവരച്ചോര്‍ച്ചയുണ്ടായെന്ന ആരോപണം ബലപ്പെടുത്തുന്നു.
ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ കാര്യനിര്വഹണചട്ടത്തില് കമ്യൂണിറ്റി ലിസണിംഗ് സ്കീമുകളാണ്. 4.6 കോടിയാണ് ഇതിന് അനുവദിച്ചത്. അധികാരപരിധി മറികടന്ന് നവകേരള സര്‍വേ ഇവരെ ഏല്‍പ്പിച്ചതിനും കൂടുതല്‍ തുക നല്‍കിയതിനും മതിയായ ന്യായീകരണമില്ല.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടത്തിനിടെയും നിയമസഭാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വരാനിരിക്കെയുമാണ് സര്‍വേയെന്നും കോടതി ചൂണ്ടിക്കാട്ടി.