ഈശോയുടെ രൂപാന്തരീകരണം നടക്കുന്ന താബോറിന്റെ പശ്ചാത്തലത്തിൽ താമസംവിനാ സംഭവിക്കാനിരിക്കുന്ന തന്റെ മരണത്തെക്കുറിച്ചുള്ള അവിടത്തെ വാക്കുകൾ ധ്യാനിക്കേണ്ടതാണ്. മരണം മൂലം ദേഹവിയോഗം സംഭവിക്കുന്ന ഒരു വ്യക്തിക്കു സ്വാഭാവികമായും ഉണ്ടാകുന്ന വ്യഗ്രതയെക്കുറിക്കുന്നു ആ വാക്കുകൾ. താബോറിന്റെ രൂപാന്തരീകരണത്തിനു ശേഷം ഈശോ താഴേക്കിറങ്ങിച്ചെല്ലുന്പോൾ പഠിച്ചതും പരിശീലിച്ചതുമൊന്നും പ്രായോഗികമാക്കാനാവാതെ നിസഹായരായ ശിഷ്യന്മാരാണ് അദ്ദേഹത്തെ കാത്തിരുന്നത്.
തന്റെ ദൗത്യം തുടർന്നുകൊണ്ടു പോകേണ്ടവർ താഴ്വാരത്തിൽത്തന്നെ തങ്ങിപ്പോയത് അവിടത്തെ ആകുലപ്പെടുത്തി. പിശാചുബാധിതനായ അപസ്മാര രോഗിയെ സുഖപ്പെടുത്താൻ കഴിയാതെ വിഷമിച്ചു നിൽക്കുന്ന ശിഷ്യന്മാരെ കണ്ട് ഈശോയുടെ ചോദ്യമുണ്ട്: "ഞാനിനി എത്രകാലം നിങ്ങളുടെകൂടെ ഉണ്ടാകും?'' ഈ ചോദ്യം ഓരോ മനുഷ്യനും ഈ നോന്പുകാലത്ത് സ്വയം ചോദിക്കേണ്ടതുണ്ട്.
ചോദ്യത്തിന്റെ അർഥം
താബോറിൽനിന്ന് ഈശോയ്ക്കു കിട്ടിയ ഒരു സന്ദേശം, തന്റെ മനുഷ്യാവതാര കാലഘട്ടം ഏറെക്കുറെ തീരുകയാണ് എന്നതായിരുന്നു. ആ പശ്ചാത്തലത്തിലാണ് ഈശോയുടെ ചോദ്യം. ഞാനിനി എത്രകാലം നിങ്ങളുടെ കൂടെ ഉണ്ടാകും? നിങ്ങൾ ഇനിയും ഒരിടത്തും എത്തിയില്ലല്ലോ. ഏൽപ്പിക്കപ്പെട്ട ദൗത്യത്തിൽ പരാജയപ്പെട്ടല്ലോ. നിങ്ങളെ വിജയത്തിലെത്തിക്കുന്നതു വരെ മനുഷ്യപ്രകൃതിയിൽ തനിക്കു തുടരാൻ സമയം ഇല്ലല്ലോ എന്നാണതിന്റെ അർഥം.
എല്ലാറ്റിനും ഒരു കാലമെന്നു സഭാപ്രസംഗിയും ഓരോന്നിനും ഒരു കാലം അവിടുന്ന് കൽപ്പിച്ചു നൽകുന്നുവെന്നു നടപടി പുസ്തകത്തിലും രേഖപ്പെടുത്തിയിരിക്കുന്നു. അതുപോലെതന്നെ ആധ്യാത്മിക പരിചരണത്തിനും പരിശീലനത്തിനും ഒരു കാലം ഉണ്ടെന്നത് സ്വാഭാവികമായും മനസിലാക്കാം. നോന്പുകാലം അതിന്റെ കാലമാണ്. ഇതുവരെ നോന്പിന്റെ യഥാർഥ ചൈതന്യത്തിലേക്കു വരാത്തവർ ഉണ്ടാകാം. നോന്പ് പകുതിയോളമാകാൻ പോകുന്ന ഘട്ടത്തിലും നോന്പിന്റെ ചൈതന്യത്തിനൊത്ത് ആത്മാവിനെ പരിചരിക്കാത്തവർ ഉണ്ടാകാം.
ഇവിടെ ഈശോയുടെ ചോദ്യം പ്രസക്തമാണ്. “ഞാനിനി എത്രകാലം നിങ്ങളുടെ കൂടെ ഉണ്ടാകും?” അല്ലെങ്കിൽ അടുത്ത നോന്പുകാലത്ത് നമ്മൾതന്നെ ഉണ്ടാകുമോ എന്ന് അറിയില്ലല്ലോ. ദൈവം തന്ന അവസരമാണിത്. മൂന്നു പേരെ ഒപ്പം കൂട്ടി താബോർ മലയിലേക്കു പോകുന്പോൾ ഒൻപതു പേരെ താഴെ നിർത്തിയതും അവർക്കിടയിലേക്ക് ഒരു അപസ്മാര രോഗിയെ എത്തിച്ചതും ഒരുപക്ഷേ പഠിപ്പിക്കലിന്റെ ഭാഗമാകാം.
ഇതാണ് സമയം
ഇവരോടാണ് ഈശോ നേരത്തേ പറഞ്ഞത് ലൂക്കാ 10:19ൽ “ഇതാ സർപ്പങ്ങളുടെയും തേളുകളുടെയും, ശത്രുവിന്റെ സകല ശക്തികളുടെയും മേൽ ചവിട്ടി നടക്കാൻ ഞാൻ നിങ്ങൾക്ക് അധികാരം നൽകുന്നു. ഒന്നും നിങ്ങളെ ഉപദ്രവിക്കില്ല'' എന്ന്. പക്ഷേ, ഈ വിശ്വാസാധികാരം പ്രയോഗിക്കാൻ മിനിമം ആന്തരികബോധ്യം വേണം.
അതിന് അടിസ്ഥാനമുള്ള ആ വിശ്വാസവും വേണം. അനുഗ്രഹത്തിൽനിന്ന് ആത്മീയാഭിഷേകത്തിലേക്കും അഭിഷേകത്തിൽനിന്ന് ആത്മീയാധികാരത്തിലേക്ക് പഠിപ്പിച്ചുയർത്തുകയായിരുന്നു ഈശോയുടെ പഠനക്രമത്തിന്റെ ലക്ഷ്യം.
എത്ര കാലം ഈശോയ്ക്കു നമ്മെ പരിശീലിപ്പിക്കാൻ കഴിയും? നമ്മുടെ പരിശീലനത്തിന്റെ കാലം എണ്ണപ്പെട്ടിരിക്കുന്നു. നോന്പുകാലം ഉത്തരവാദപ്പെട്ട ഒരു കാലമാണെന്നുള്ള സൂചനയാണ് വചനങ്ങൾ നൽകുന്നത്.
അതുകൊണ്ട് ദൈവം നൽകുന്ന നിർദേശങ്ങൾക്ക് അനുപേക്ഷണീയമായി നമ്മൾതന്നെ മുൻകൈയെടുത്ത് നിലവാരമുള്ള ആധ്യാത്മിക ജീവിതത്തിലേക്ക് ഉയരാൻ പരിശ്രമിക്കണം.
Tags : Hridayavazhi Kalvari