x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മുട്ടില്‍ സൗത്ത് വില്ലേജിലെ അനധികൃത മരംമുറി: മഹസര്‍ സമര്‍പ്പിച്ചു


Published: May 21, 2026 06:17 PM IST | Updated: May 21, 2026 06:17 PM IST

കല്‍പ്പറ്റ: മുട്ടില്‍ സൗത്ത് വില്ലേജില്‍ റവന്യൂ പട്ടയഭൂമിയില്‍നിന്നു അനധികൃതമായി മുറിച്ചതിനെത്തുടര്‍ന്നു പിടിച്ചെടുത്ത 112 ഈട്ടികളുടെ മഹസര്‍ പ്രത്യേക അന്വേഷണ സംഘം ബത്തേരി ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു. 2021 ജൂണില്‍ വനം വകുപ്പ് കസ്റ്റഡിയിലെടുത്ത് കുപ്പാടി ഡിപ്പോയിലേക്ക് മാറ്റിയ തടികളുടെ കണക്കെടുപ്പ് കോടതി നിര്‍ദേശപ്രകാരം വീണ്ടും നടത്തിയാണ് മഹസര്‍ തയാറാക്കിയത്.

800 കഷണം ഈട്ടിയാണ് ഡിപ്പോയില്‍ സൂക്ഷിച്ചിരിക്കുന്നത്. ഇത് ലേലം ചെയ്യുന്നതിനുള്ള നടപടികളുടെ ഭാഗമാണ് വീണും കണക്കെടുപ്പ് നടത്തിയത്. തടികളുടെ ചിത്രങ്ങളും വീഡിയോകളും സഹിതമാണ് മഹസര്‍ സമര്‍പ്പിച്ചത്. തടികള്‍ വിട്ടുകിട്ടുന്നതിന് വാഴവറ്റ അഗസ്റ്റിന്‍ സഹോദരന്‍മാര്‍ സമര്‍പ്പിച്ച ഹര്‍ജി നേരത്തേ കോടതി തള്ളിയിരുന്നു.തടികള്‍ ലേലം ചെയ്യുന്നതിന് വനം വകുപ്പ് കോടതിയുടെ അനുമതി തേടിയിട്ടുണ്ട്.

മുട്ടില്‍ സൗത്ത് വില്ലേജിലെ റവന്യു പട്ടയഭൂമികളില്‍ 2020 നവംബര്‍, ഡിസംബര്‍, 2021 ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് അനധികൃത ഈട്ടിമുറി നടന്നത്. ഇത് വിവാദമായതിനെത്തുടര്‍ന്ന് ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം 2021 ജൂണ്‍ മൂന്നിന് വൈത്തിരി തഹസില്‍ദാര്‍ നല്‍കിയ പരാതിയില്‍ മീനങ്ങാടി പോലീസ് 281/2021 നമ്പറായി കേസ് രജിസ്റ്റര്‍ ചെയ്തു.

ഡിവൈഎസ്പി വി.വി. ബെന്നിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിച്ച് 2023 ഡിസംബര്‍ രണ്ടിന് ബത്തേരി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 406, 409, 420, 468, 471, 212, 120(ബി) ആര്‍/ഡബ്ല്യു 34 പ്രകാരവും പൊതുമുതല്‍ നശിപ്പിച്ചതിന് പിഡിപിപി നിയമത്തിലെ വകുപ്പ് 3(1) പ്രകാരവുമായിരുന്നു കുറ്റപത്രം.

കേസ് നടന്നുവരികയാണ്. മരംമുറിയുമായി ബന്ധപ്പെട്ട് വനം വകുപ്പ് രജിസ്റ്റര്‍ ചെയ്ത ഒആര്‍ 01/2021 മുതല്‍ 43/2021 വരെയുള്ള കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല.

Tags : Mahasar Village Illegal

Recent News

Corehub Up