തിരുവനന്തപുരം: ബിഷപ്പുമാർക്കും ദീപികയ്ക്കുമെതിരേ പി.സി. ജോർജും ഷോണ്‍ ജോർജും നടത്തുന്ന ഭീഷണി കലർന്ന അധിക്ഷേപ പരാമർശങ്ങൾ ബിജെപിയുടെ യഥാർഥ നിറമാണ് പുറത്തു കൊണ്ടുവരുന്നതെന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം കെ.സി. ജോസഫ്.
യുഡിഎഫിനെ സഹായിച്ചുവെന്ന് പറഞ്ഞു സഭാ മേലധ്യക്ഷന്മാരെയും മാധ്യമങ്ങളെയും ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ ശ്രമിച്ചാൽ ചെറുക്കാൻ മതേതര കേരളം യുഡിഎഫിനൊപ്പം ഉണ്ടാവുകതന്നെ ചെയ്യും.
കത്തോലിക്കാ സഭയ്ക്കും ദീപിക ദിനപത്രത്തിനും എതിരേ ഷോണും പി.സി. ജോർജും നടത്തുന്ന ആക്ഷേപകരമായ പരാമർശങ്ങൾ അപലപനീയമാണ്.
ബിജെപി നേതൃത്വത്തിന്റെ പിന്തുണയും ഇത്തരം നീക്കങ്ങൾക്ക് പിന്നിലുണ്ടെന്നു വ്യക്തമാണ്. ദയനീയ പരാജയം മുന്നിൽ കണ്ടു മുൻകൂർ ജാമ്യമെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. ന്യൂനപക്ഷ വിരുദ്ധമായ എഫ്സിആർഎ ബില്ലുമായി ബിജെപി മുന്നോട്ടു പോകുമെന്ന ഭീഷണി മുഴക്കുന്നതു കണ്ട് ആരും ഭയപ്പെടാൻ പോകുന്നില്ല.
ഭീഷണിപ്പെടുത്തിയും അധിക്ഷേപിച്ചും സമുദായങ്ങളെ വരുതിയിലാക്കാമെന്ന സംഘപരിവാർ അജൻഡ കേരളത്തിൽ ചെലവാകാൻ പോകുന്നില്ലെന്നും അതിനുവച്ച വെള്ളം വാങ്ങിവയ്ക്കുകയാണ് നല്ലതെന്നും കെ.സി. ജോസഫ് പറഞ്ഞു.
Tags : K.C. Joseph Insults threats abuse