കൊച്ചി: സ്കൂള്‍ വിദ്യാര്‍ഥികൾക്ക് ആദ്യ ടേമിലേക്ക് ആവശ്യമായ പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയായതായി കേരള ബുക്സ് ആന്‍ഡ് പബ്ലിക്കേഷന്‍ സൊസൈറ്റി (കെബിപിഎസ്) മാനേജിംഗ് ഡയറക്ടര്‍ സുനില്‍ ചാക്കോ.
ആദ്യടേമിലേക്കായി 3,57,00,000 പുസ്തകങ്ങള്‍ അച്ചടിക്കാനായിരുന്നു നിര്‍ദേശം. 2,86,00,000 പുസ്തകങ്ങളുടെ അച്ചടിയാണ് പൂര്‍ത്തിയാക്കിയത്. സ്കൂള്‍ തുറന്ന് രണ്ടു മാസം കഴിഞ്ഞ് ആവശ്യമുള്ള പ്രവൃത്തിപരിചയ പാഠപുസ്തകങ്ങളും ആദ്യടേമിലെ അച്ചടി ഓര്‍ഡറിലുണ്ടായിരുന്നു. ഈ പുസ്തകങ്ങളുടെ അച്ചടി ജൂണ്‍ ആദ്യം പൂര്‍ത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു.
അച്ചടിച്ച പുസ്തകങ്ങള്‍ ജില്ലാ ടെക്സ്റ്റ് ബുക്ക് ഹബ്ബുകളില്‍ എത്തിച്ച് സ്കൂള്‍ സൊസൈറ്റികള്‍ക്കു വിതരണം ചെയ്യുന്ന നടപടി അവസാനഘട്ടത്തിലാണ്.
അടുത്ത ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ വിതരണം പൂര്‍ത്തിയാക്കും വിധമാണ് ക്രമീകരണം. ജില്ലാ കേന്ദ്രങ്ങളില്‍നിന്ന് സ്കൂള്‍ സൊസൈറ്റികള്‍ക്കുള്ള വിതരണം കുടുംബശ്രീ മുഖേനയാണു നടത്തിക്കൊണ്ടിരിക്കുന്നത്.
ഒന്നുമുതല്‍ പത്തുവരെയുള്ള കുട്ടികള്‍ക്ക് രണ്ടു ഘട്ടങ്ങളിലായി ആകെ 5,59,00,000 പുസ്തകങ്ങളാണ് അച്ചടിക്കേണ്ടത്. രണ്ടാംടേമിലേക്കുള്ള പാഠപുസ്തകങ്ങളുടെ അച്ചടി ഉടന്‍ തുടങ്ങും. പുറംചട്ട പേപ്പര്‍ ലഭിക്കുന്നതില്‍ തടസം നേരിട്ടെങ്കിലും അച്ചടിയെ കാര്യമായി ബാധിക്കാത്തരീതിയില്‍ അതു പരിഹരിച്ചിരുന്നു.തമിഴ്, കന്നഡ, മൈനോറിറ്റി പാഠപുസ്തകങ്ങളുടെ അച്ചടിയും പൂര്‍ത്തിയായി.
അതേസമയം, പേപ്പറുകളുടെ ലഭ്യതക്കുറവുമൂലം പാഠപുസ്തകങ്ങളുടെ അച്ചടി വൈകുന്നുവെന്ന് കെബിപിഎസ് സ്റ്റാഫ് ആന്‍ഡ് വര്‍ക്കേഴ്സ് യൂണിയന് (ഐഎന്‍ടിയുസി) പ്രസിഡന്റ് കെ.കെ. ഇബ്രാഹിംകുട്ടി ആരോപിച്ചു. ആറ്, ഏഴ്, എട്ട്, ഒന്‍പത് ക്ലാസുകളിലെ പാഠപുസ്തകങ്ങളുടെ അച്ചടിയാണ് ഇനി നടക്കാനുള്ളത്.
തമിഴ്നാട്ടിലെ ന്യൂസ്പ്രിന്റ് ഫാക്ടറികള്‍ക്കു ലോട്ടറി, പുസ്തകം എന്നിവ അച്ചടിച്ചതില്‍ 400 കോടിയോളം രൂപ കഴിഞ്ഞ പിണറായി സര്‍ക്കാര്‍ നല്‍കാനുണ്ട്. ഈ കുടിശിക നിലനില്‍ക്കുന്നതിനാല്‍ അച്ചടിക്കുള്ള പേപ്പറുകള്‍ നല്കാന് പ്രിന്റിംഗ് പ്രസുകള്‍ വിസമ്മതിച്ചതാണ് പ്രതിസന്ധിക്കു കാരണമായതെന്നും അദ്ദേഹം പറഞ്ഞു.
Tags : KBPS textbook printing completed