തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥികളെ പ്രഖ്യാപിച്ചപ്പോൾ കേരള കോൺഗ്രസ് എമ്മിന് നിരാശ. കോഴിക്കോട് ജില്ലയിൽ കുറ്റ്യാടി അല്ലെങ്കിൽ പേരാമ്പ്ര സീറ്റ് കിട്ടുമെന്നായിരുന്നു കേരള കോൺഗ്രസ് - എം പ്രതീക്ഷിച്ചിരുന്നത്. എന്നാൽ പേരാമ്പ്രയിൽ എൽഡിഎഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ മത്സരിക്കും.
കഴിഞ്ഞ തവണ കുറ്റ്യാടി സീറ്റ് കേരള കോൺഗ്രസ് എമ്മിന് നൽകിയിരുന്നു. എന്നാൽ സിപിഎമ്മിലെ പ്രതിഷേധത്തെ തുടർന്ന് സീറ്റ് അവർക്ക് തിരിച്ചു നൽകുകയായിരുന്നു. ഇത്തവണ ഈ സീറ്റ് വേണമെന്ന് പാർട്ടി ചെയർമാൻ ജോസ് കെ.മാണി ആവശ്യപ്പെട്ടിരുന്നു. എന്നാൽ സിറ്റിംഗ് സീറ്റെന്ന നിലയിൽ കുറ്റ്യാടി സീറ്റിൽ കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്ററെ തന്നെ പരിഗണിക്കുകയായിരുന്നു.
പേരാമ്പ്രയിൽ ടി.പി. രാമകൃഷ്ണനെയും നിശ്ചയിച്ചു. പേരാമ്പ്ര സീറ്റ് നൽകാമെന്ന് നേരത്തെ ധാരണയാണെങ്കിലും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ തിരിച്ചടിയാണ് ഒരിക്കൽ കൂടി ടി.പി. രാമകൃഷ്ണനിലേക്ക് സ്ഥാനാർത്ഥിത്വം എത്തിയത്. 1980 മുതൽ തുടർച്ചയായി സിപിഎം മത്സരിച്ച് ജയിക്കുന്ന മണ്ഡലമാണ് പേരാമ്പ്ര.
കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയാണ് എൽഡിഎഫ് ഇവിടെ നേരിട്ടത്. ആകെയുള്ള പത്ത് പഞ്ചായത്തിൽ ഒമ്പതും കൈവശം വെച്ചിടുത്തു നിന്ന് ഇത്തവണ നാലിലേക്ക് ഒതുങ്ങിയിരുന്നു.
Tags : assembly election kerala congress seat sharing ldf