തിരുവനന്തപുരം: സംസ്ഥാനത്ത് കൊടുംചൂട് തുടരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉഷ്ണതരംഗം മൂലമുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ വിളിച്ച ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിർദേശം.
പൊതു ഇടങ്ങളിൽ ആവശ്യത്തിന് വെള്ളം, ഒആർഎസ്, സൂര്യാഘാത പ്രഥമശുശ്രൂഷ സൗകര്യങ്ങൾ എന്നിവ ഒരുക്കും. മാർക്കറ്റുകൾ, മറ്റു പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ താൽക്കാലിക തണൽ പന്തലുകൾ സ്ഥാപിക്കും. സാധ്യമായ ഇടങ്ങളിൽ ട്രാഫിക് സിഗ്നലുകളുടെ സമയ ദൈർഘ്യം കുറയ്ക്കും.
ഇതിനായി പോലീസ്-ട്രാഫിക് അധികാരികളുടെ അഭിപ്രായം തേടി ജില്ലാ കളക്ടർമാർ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും യോഗം നിർദേശിച്ചു. ഉഷ്ണതരംഗ മുന്നറിയിപ്പുള്ള ഘട്ടങ്ങളിൽ പൊതു പരിപാടികൾ, സെലക്ഷൻ ട്രയലുകൾ, പകൽപ്പൂരങ്ങൾ, കലാകായിക പരിപാടികൾ എന്നിവയ്ക്ക് കർശന നിയന്ത്രണങ്ങളും വിലക്കുകളും ഏർപ്പെടുത്തും.
വഴിയോരങ്ങളിലും കവലകളിലും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലും ഓട്ടോ ടാക്സി സ്റ്റാൻഡുകളിലും തണ്ണീർ പന്തലുകൾ സ്ഥാപിക്കും. കുടിവെള്ളവും, സാധ്യമാണെങ്കിൽ സംഭാരം, തണ്ണിമത്തൻ തുടങ്ങിയവയും ലഭ്യമാക്കുന്ന ജനകീയ സംവിധാനമൊരുക്കാൻ ശ്രമിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Tags : alert heatwave pinarayi vijayan