തിരുവനന്തപുരം: സ്കൂൾ വിദ്യാഭ്യാസ പരിഷ്കരണം സംബന്ധിച്ച് ഖാദർ കമ്മിറ്റി റിപ്പോർട്ടിലെ അപ്രായോഗികമായ നിർദേശങ്ങൾ അക്കാദമിക് വിദഗ്ധരുമായി ചർച്ച ചെയ്ത് മാറ്റങ്ങൾ വരുത്തുമെന്നു പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ.
തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ ലീഡേഴ്സ് മീറ്റിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഖാദർ കമ്മിറ്റി റിപ്പോർട്ടിലെ ചില ഭാഗങ്ങൾ കഴിഞ്ഞ ഇടതു സർക്കാരിന്റെ കാലത്തുതന്നെ നടപ്പിലാക്കിയിട്ടുണ്ട്.
നടപ്പിലാക്കിയ കാര്യങ്ങളിൽ എന്തെങ്കിലും തരത്തിലുള്ള പ്രായോഗിക ബുദ്ധിമുട്ടുകളോ പ്രയാസങ്ങളോ ഉണ്ടെങ്കിൽ അക്കാദമിക് രംഗത്തെ പ്രമുഖരുമായും വിദ്യാഭ്യാസ വിചക്ഷണരുമായും വിശദമായി ചർച്ച ചെയ്യും. പരിഹരിക്കേണ്ട കാര്യങ്ങൾ ഉണ്ടെങ്കിൽ അത് പരിഹരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കേന്ദ്രസർക്കാരിന്റെ "പി.എം ശ്രീ’ പദ്ധതിയിൽ യുഡിഎഫിന്റെ നിലപാട് വ്യക്തമാണ്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഒപ്പുവച്ച ഈ പദ്ധതിയിൽനിന്ന് ഏകപക്ഷീയമായി പിന്മാറാൻ കഴിയുമോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിച്ചുവരികയാണ്. ഇതുമായി ബന്ധപ്പെട്ട് പഠിക്കാൻ നിയോഗിച്ച വിദ്യാഭ്യാസ സെക്രട്ടറിയുടെ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. അടുത്ത മന്ത്രിസഭാ യോഗത്തിൽ ഈ റിപ്പോർട്ട് ചർച്ച ചെയ്ത ശേഷമായിരിക്കും പദ്ധതി നടപ്പിലാക്കുന്നതിൽ അന്തിമ തീരുമാനമെടുക്കുകയെന്നും മന്ത്രി വ്യക്തമാക്കി.
കാലപ്പഴക്കം ചെന്ന സ്കൂളുകൾ പുതുക്കിപ്പണിയുമെന്നും പുതിയ കെട്ടിടങ്ങൾ നിർമിക്കുന്നതിന് പ്രത്യേക പ്രാധാന്യം നൽകുമെന്നും മന്ത്രി പറഞ്ഞു. ഫിറ്റ്നസിന്റെ പേരിലല്ല; മറിച്ച് കാലപ്പഴക്കം കാരണമാണ് ചില സ്കൂളുകൾ തുറക്കാതിരുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അടച്ചുപൂട്ടൽ ഭീഷണി നേരിടുന്ന സ്കൂളുകളെ സംരക്ഷിച്ച് മുന്നോട്ടു കൊണ്ടുവരാനുള്ള നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകും.
വിദ്യാഭ്യാസ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി അക്കാദമിക വിദഗ്ധരടങ്ങുന്ന സമിതി രൂപീകരിക്കും. പത്താം ക്ലാസ് കഴിഞ്ഞിട്ടും കുട്ടികൾക്ക് എഴുതാൻ അറിയില്ലെന്നത് നാണക്കേടാണെന്നും വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ മേഖലയിലെ നിയമനം, റാങ്ക് ലിസ്റ്റ് എന്നിവയുമായി ബന്ധപ്പെട്ട ആക്ഷേപങ്ങളും പ്രധാന അധ്യാപകരില്ലാത്ത സ്കൂളുകളിലെ ഒഴിവ് നികത്തുന്ന കാര്യവും അടിയന്തരമായി പരിഹരിക്കും. പല സ്കൂളുകളിലും കായികാധ്യാപകർ ഇല്ലെന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ട്.
സർവീസ് സംഘടനകൾ ഉന്നയിക്കുന്ന ആവശ്യങ്ങളിലും പരാതികളിലും സർക്കാർ കൃത്യമായി ഇടപെട്ട് പരിഹാരം കാണുമെന്നും അദ്ദേഹം ഉറപ്പുനൽകി. വിദ്യാർഥിനികൾക്ക് ആർത്തവ അവധി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന്, വിഷയത്തിൽ മതിയായ ചർച്ചകൾക്കുശേഷം മാത്രമേ തീരുമാനമുണ്ടാകൂ എന്ന് മന്ത്രി അറിയിച്ചു.
Tags : Khader Committee Report Minister Shamsuddin clarifies