തൃശൂർ: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തൃശൂരിൽ വീണ്ടും 'വോട്ടിന് കിറ്റ്' വിവാദം പുകയുന്നു. വാടാനപ്പള്ളിയിലെ ചാമ്പ്യൻ സൂപ്പർ മാർക്കറ്റിൽ ബിജെപി വിതരണത്തിനായി കിറ്റുകൾ സൂക്ഷിച്ചിരിക്കുന്നുവെന്ന ആരോപണവുമായി കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തിയതോടെ പ്രദേശത്ത് വലിയ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. കിറ്റുകൾ ഉണ്ടെന്ന് ആരോപിക്കപ്പെടുന്ന ഗോഡൗണിന്റെ മുകളിലെ മുറിയിൽ ബിജെപി നേതാവും നടനുമായ ദേവന്റെ സാന്നിധ്യം കണ്ടെത്തിയത് നാടകീയ രംഗങ്ങൾക്ക് വഴിവെച്ചു.
ബിജെപി നേതാവ് ബഗീഷ് പൂരാടനൊപ്പമാണ് ദേവൻ പുറത്തേക്ക് വന്നത്. ഇതോടെ കോൺഗ്രസ്-ബിജെപി പ്രവർത്തകർ നേർക്കുനേർ നിന്ന് മുദ്രാവാക്യം വിളികളുമായി സംഘടിച്ചു.
കോൺഗ്രസിന്റെ പരാതിയെത്തുടർന്ന് തെരഞ്ഞെടുപ്പ് ഫ്ലയിംഗ് സ്ക്വാഡും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി. ഗോഡൗണിൽ നിന്ന് കണ്ടെത്തിയ കിറ്റുകൾ ഉദ്യോഗസ്ഥർ സീൽ ചെയ്യുകയും പോലീസ് വാഹനങ്ങളിൽ മാറ്റി സ്ഥാപിക്കുകയും ചെയ്തു.
സംഭവവുമായി ബന്ധപ്പെട്ട് സൂപ്പർ മാർക്കറ്റ് ഉടമ പ്രവീൺ ജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഏകദേശം നാലായിരത്തോളം കിറ്റുകൾ വിതരണത്തിനായി തയ്യാറാക്കിയിരുന്നു എന്നാണ് കോൺഗ്രസ് ഉന്നയിക്കുന്ന ആരോപണം. സംഘർഷസാധ്യത കണക്കിലെടുത്ത് പോലീസിന് പുറമെ കേന്ദ്ര സേനയും സ്ഥലത്തെത്തിയിട്ടുണ്ട്. ബിജെപി നേതാക്കളുടെ വാഹനങ്ങളും പോലീസ് പരിശോധിച്ചു.
നേരത്തെ തൃശൂർ ഒളരിയിൽ നിന്നും സമാനമായ രീതിയിൽ കിറ്റുകൾ പിടികൂടിയിരുന്നു. എന്നാൽ കിറ്റ് വിവാദത്തെക്കുറിച്ച് തനിക്കറിയില്ലെന്നും എൽഡിഎഫ് പണ്ടേ പ്രയോഗിക്കുന്ന തന്ത്രമാണിതെന്നും എൻഡിഎ സ്ഥാനാർത്ഥി പത്മജ വേണുഗോപാൽ പ്രതികരിച്ചു.
Tags : Devan Kit Controversy Latest News