തിരുവനന്തപുരം: ലൈംഗികപീഡന പരാതിയുമായി ബന്ധപ്പെട്ട കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ അറസ്റ്റ് ചെയ്യാനുള്ള അന്വേഷണം ഊർജിതമാക്കി പ്രത്യേക അന്വേഷണസംഘം. രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ അറസ്റ്റിന് തടസമല്ലെന്ന നിയമോപദേശം ലഭിച്ചതിനു പിന്നാലെയാണ് പോലീസ് രാഹുലിനായുള്ള തെരച്ചിൽ ഊർജിതമാക്കിയത്.
അതേസമയം, രാഹുൽ ഇപ്പോഴും ഒളിവിലാണ്. രാഹുൽ സംസ്ഥാനം വിട്ടെന്ന തരത്തിൽ കഴിഞ്ഞ ദിവസം വാർത്തകൾ വന്നിരുന്നെങ്കിലും പാലക്കാട് തന്നെയുള്ള രഹസ്യകേന്ദ്രത്തിലുണ്ടെന്നാണ് പോലീസ് നിഗമനം. സംസ്ഥാനം വിടുന്നത് മുൻകൂർ ജാമ്യത്തെ ബാധിക്കുമെന്ന് രാഹുലിന് നിയമോപദേശം ലഭിച്ചതായാണ് സൂചന.
അതിനിടെ ലൈംഗികാരോപണത്തിൽ കൂടുതൽ ഡിജിറ്റൽ രേഖകൾ രാഹുൽ അഭിഭാഷകൻ മുഖേന കോടതിയിൽ സമർപ്പിച്ചു. ഒൻപത് ഫയലുകൾ അടങ്ങുന്ന കവറാണ് സമർപ്പിച്ചത്. തന്റെ വിവാഹമോചനത്തിന് അഞ്ചുമാസങ്ങൾക്ക് ശേഷമാണ് രാഹുൽ മാങ്കൂട്ടത്തിലുമായി സംസാരിക്കുന്നതെന്നും അടുക്കുന്നതെന്നുമാണ് പരാതിക്കാരി മുഖ്യമായും എടുത്തുപറഞ്ഞിരുന്നത്.
എന്നാൽ, പരാതിക്കാരിയുടെ വാദങ്ങളെല്ലാം വസ്തുതാവിരുദ്ധമാണ് എന്ന് തെളിയിക്കുന്ന രേഖകളാണ് രാഹുൽ മാങ്കൂട്ടത്തിൽ സമർപ്പിച്ചത്. ഭർത്താവുമായി വേർപിരിഞ്ഞ ശേഷവും ഇവർക്ക് ഭർത്താവുമായി ബന്ധമുണ്ടായിരുന്നുവെന്നാണ് രാഹുലിന്റെ വാദം. അത് സ്ഥിരീകരിക്കുന്ന ചിത്രങ്ങളടങ്ങിയ തെളിവുകളാണ് കോടതിയിൽ സമർപ്പിച്ചത്.
ഗർഭഛിദ്രത്തിന് നിർബന്ധിച്ച രാഹുൽ സുഹൃത്തായ ജോബി മുഖേനയാണ് ഗുളിക എത്തിച്ചതെന്നും ഇത് കഴിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനായി വീഡിയോകോൾ ചെയ്തിരുന്നതായും പരാതിക്കാരി മൊഴി നൽകിയിരുന്നു. ഇതു വസ്തുതാവിരുദ്ധമാണെന്ന് തെളിയിക്കുന്ന ഡിജിറ്റൽ രേഖകളാണ് രാഹുൽ കോടതിയിൽ സമർപ്പിച്ചത്.
രാഹുലിനെതിരേ കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായി പരാതിക്കാരിയുടെ മൊബൈൽ ഫോണ് പ്രത്യേക അന്വേഷണസംഘംത്തിന് കൈമാറിയിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണസംഘം ഫോണ് വിശദമായ പരിശോധനയ്ക്കു വിധേയമാക്കും.
Tags : Legal advice Police search Rahul Mangkuttathil Arrest