തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക നടപടികൾക്ക് ഇന്ന് തുടക്കമാകും. തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുന്നതോടെ സ്ഥാനാർത്ഥികൾക്ക് ഇന്ന് മുതൽ നാമനിർദ്ദേശ പത്രികകൾ സമർപ്പിച്ചു തുടങ്ങാം. മാർച്ച് 23 വരെയാണ് പത്രിക സമർപ്പിക്കാനുള്ള കാലാവധി.
സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസർ വിളിച്ച രാഷ്ട്രീയ പാർട്ടികളുടെ യോഗം ഇന്ന് നടക്കും. വൈകീട്ട് മൂന്നുമണിക്കാണ് യോഗം. മാതൃകാ പെരുമാറ്റചട്ടം സംബന്ധിച്ചും, മറ്റു തെരഞ്ഞെടുപ്പ് മാര്‍ഗനിര്‍ദേശങ്ങളും യോഗത്തില്‍ വ്യക്തമാക്കും. തെരഞ്ഞെടുപ്പിന് സംസ്ഥാനം എല്ലാ തരത്തിലും സജ്ജമാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു. ഖേല്‍ക്കര്‍ അറിയിച്ചു.
മാർച്ച് 16 മുതൽ മാർച്ച് 23 വരെയാണ് പത്രിക സമർപ്പണം. സൂക്ഷ്മ പരിശോധന മാർച്ച് 24ന്. പത്രിക
പിൻവലിക്കാനുള്ള അവസാന തീയതി മാർച്ച് 26. ഏപ്രിൽ ഒന്‍പതിനാണ് വോട്ടെടുപ്പ് മേയ് നാലിനാണ് വോട്ടെണ്ണൽ. ഇത്തവണ 4.24 ലക്ഷം പുതിയ വോട്ടർമാരാണ് കേരളത്തിൽ ആദ്യമായി സമ്മതിദാന അവകാശം വിനിയോഗിക്കുന്നത്. സംസ്ഥാനത്താകെ 1.38 കോടി സ്ത്രീ വോട്ടർമാരാണുള്ളത്.
വിജ്ഞാപനം വന്നതോടെ സംസ്ഥാനത്ത് മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. കേരളത്തിനൊപ്പം തമിഴ്നാട്ടിൽ ഏപ്രിൽ 23-നും പശ്ചിമ ബംഗാളിൽ ഏപ്രിൽ 23, 29 തീയതികളിലുമായി വോട്ടെടുപ്പ് നടക്കും.