തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ കഴിഞ്ഞ 15 വർഷത്തിനിടെ കുറഞ്ഞ വോട്ടിംഗ് ശതമാനമാണ് ഇക്കുറി രേഖപ്പെടുത്തിയത്. 2015ലായിരുന്നു ഏറ്റവും കൂടുതൽ പേർ വോട്ട് രേഖപ്പെടുത്തിയത്- 77.76 ശതമാനം. അന്ന് വോട്ടർ പട്ടികയിലുണ്ടായിരുന്ന 2.51 കോടി പേരിൽ 1.95 കോടി പേർ വോട്ട് ചെയ്തു.
അതിനു തൊട്ടുമുൻപു നടന്ന 2010 ലെ വോട്ടെടുപ്പിൽ 76.32 ശതമാനമായിരുന്നു പോളിംഗ്. 2.40 കോടി വോട്ടർമാരിൽ 1.82 കോടി പേർ സമ്മതിദാനാവകാശം വിനിയോഗിച്ചു. കഴിഞ്ഞ തവണ (2020ൽ) 75.95 ശതമാനം പോളിംഗ് നടന്നു. 2.76 കോടി വോട്ടർമാരിൽ 2.10 കോടി പേർ വോട്ട് ചെയ്തു. ഇത്തവണ 73.68 ശതമാനം മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്.
2,86,07,658 പേരിൽ 2,10,79,021 പേർ വോട്ട് ചെയ്തു. ഏറ്റവും കൂടുതൽ വോട്ട് രേഖപ്പെടുത്തിയത് ഇത്തവണയാണ്. തൊട്ടുമുൻപത്തെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 73,278 പേർ വോട്ട് ചെയ്തു. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് 10 ലക്ഷം പുതിയ വോട്ടർമാർ അധികമായി എത്തിയിരുന്നു.
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ രൂപീകൃതമായ 1995ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ 73.5 ശതമാനം പേരാണ് വോട്ട് ചെയ്തത്. 2000ത്തിൽ 66.09 ശതമാനവും 2005ൽ 70.35 ശതമാനവുമായിരുന്നു പോളിംഗ്.