മഞ്ചേരി: കോളിളക്കം സൃഷ്ടിച്ച ഒതായി മനാഫ് വധക്കേസിൽ ഒന്നാം പ്രതിക്ക് ജീവപര്യന്തം. മുൻ എംഎൽഎ പി.വി. അൻവറിന്‍റെ സഹോദരി പുത്രനും ഒന്നാം പ്രതിയുമായ എടവണ്ണ മുണ്ടേങ്ങര മാലങ്ങാടൻ ഷഫീഖിനെയാണ് കോടതി ജീവപര്യന്തം ശിക്ഷിച്ചത്.
മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടെതാണ് വിധി. ജീവപര്യന്തത്തിനു പുറമേ ഒരു ലക്ഷം രൂപയും കോടതി ശിക്ഷ വിധിച്ചു. ഈ പണം ഷഫീഖിന്‍റെ സഹോദരിയും കേസിലെ സാക്ഷിയുമായ ഫാത്തിമയ്ക്ക് നൽകണമെന്നും കോടതി വിധിച്ചു.
പിഴയടച്ചില്ലെങ്കിൽ ജീവപര്യന്തത്തിനു പുറമേ ഒരു വർഷം കൂടി ശിക്ഷ അനുഭവിക്കണം. കേസിലെ മൂന്നാം പ്രതിയും ഒന്നാം പ്രതിയുടെ സഹോദരനുമായ എടവണ്ണ മുണ്ടേങ്ങര മാലങ്ങാടൻ ഷരീഫ് (58), 17-ാം പ്രതി നിലന്പൂർ ജനതപ്പടി കോട്ടപ്പുറം മുനീബ് (52), 19-ാം പ്രതി എളമരം മപ്രം പയ്യനാട്ട് തൊടിക ഏറക്കോടൻ കബീർ എന്ന ജാബിർ (52) എന്നിവരെ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെള്ളിയാഴ്ച വെറുതെ വിട്ടിരുന്നു.
1995 ഏപ്രിൽ 13ന് ഒതായി അങ്ങാടിയിൽ നാട്ടുകാർ നോക്കിനിൽക്കെ പട്ടാപ്പകൽ മനാഫിനെ അടിച്ചും കുത്തിയും കൊലപ്പെടുത്തിയെന്നാണ് കേസ്. കേസിൽ രണ്ടാം പ്രതിയായിരുന്നു മുൻ എംഎൽഎ പി.വി. അൻവർ. ഏഴാം പ്രതിയായിരുന്ന അൻവറിന്‍റെ പിതാവ് പി.വി. ഷൗക്കത്തലി കുറ്റപത്രം സമർപ്പിക്കും മുന്പെ മരണപ്പെട്ടു.
പട്ടാപ്പകൽ നടന്ന കൊലപാതകത്തിൽ ഒന്നാം സാക്ഷി അന്നും കൂറുമാറിയിരുന്നു. കേസിൽ 21 പ്രതികളെ വിചാരണക്കോടതി വെറുതെ വിടുകയായിരുന്നു. കേസിൽ അൻവറിന്‍റെ രണ്ട് സഹോദരീപുത്രൻമാരടക്കം നാല് പ്രതികളെ 23 വർഷമായിട്ടും പോലീസ് പിടികൂടിയിരുന്നില്ല.
ഇവരെ പിടികൂടാൻ നടപടിയാവശ്യപ്പെട്ട് മനാഫിന്‍റെ സഹോദരൻ അബ്ദുൾ റസാഖ് കോടതിയെ സമീപിച്ചതോടെയാണ് നാലു പ്രതികളെയും ലുക്കൗട്ട് നോട്ടീസിറക്കി ഇന്‍റർപോൾ സഹായത്തോടെ പിടികൂടാൻ മഞ്ചേരി ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 2018 ജൂലൈ 25ന് ഉത്തരവിട്ടത്.
2018 ഓഗസ്റ്റ് 30ന് കബീറും മുനീബും 2019 ജനുവരി 21ന് ഷരീഫും കീഴടങ്ങുകയായിരുന്നു. ഒന്നാം പ്രതിയായ മാലങ്ങാടൻ ഷെഫീഖ് 25 വർഷമായി ദുബായിലായിരുന്നു. കോവിഡ് കാലത്ത് ഷാർജയിൽ നിന്ന് ചാർട്ടേഡ് ഫ്ളൈറ്റിൽ കരിപ്പൂരിലെത്തിയപ്പോൾ 2020 ജൂണ്‍ 24നാണ് അറസ്റ്റിലായത്.
കേസിൽ രണ്ടാം പ്രതിയായിരുന്ന പി.വി. അൻവനെയടക്കം വെറുതെവിട്ട 21 പ്രതികൾക്ക് ശിക്ഷ നൽകണമെന്നാവശ്യപ്പെട്ടുള്ള സർക്കാരിന്‍റെ അപ്പീലും സഹോദരൻ അബ്ദുൾ റസാഖിന്‍റെ റിവിഷൻ ഹർജിയും ഹൈക്കോടതിയുടെ പരിഗണനയിലാണിപ്പോൾ.
Tags : Manaf murder case life imprisonment court police