മാനന്തവാടി: വയനാട് എടവക പള്ളിക്കലിൽ ക്വാർട്ടേഴ്സിനുള്ളിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനും വീട്ടുകാർക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് സ്വദേശിനിയായ ഇരുപത്തിയേഴുകാരി അഫ്സില(27) ആണ് കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്സിലയുടെ മരണത്തിൽ ഭർത്താവ് വടക്കേ പുത്തൻപുരയിൽ ജാബിറിന് കൃത്യമായ പങ്കുണ്ടെന്നാണ് പെൺകുട്ടിയുടെ വീട്ടുകാർ ആരോപിക്കുന്നത്.
മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് അഫ്സിലയുടെ കുടുംബം മാനന്തവാടി പോലീസിൽ പരാതി നൽകി. ജാബിറും കുടുംബാംഗങ്ങളും അഫ്സിലയെ നിരന്തരമായി ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നതായി പരാതിയിൽ പറയുന്നു. മുന്പും പലതവണ ഇവരുടെ കുടുംബ ജീവിതത്തിൽ ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിലും മഹല്ല് കമ്മിറ്റിയുടെയും പോലീസിന്റെയും മധ്യസ്ഥതയിൽ ചർച്ചകൾ നടത്തിയാണ് ഒത്തുതീർപ്പാക്കിയിരുന്നത്.
മൂന്ന് പിഞ്ചുകുട്ടികളെ ഓർത്താണ് അഫ്സില എല്ലാം ക്ഷമിച്ച് ജീവിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ അഫ്സിലയുടേത് ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്ന് സംശയിക്കുന്നതായും കുടുംബം ആരോപിച്ചു.
പടിഞ്ഞാറത്തറ കുപ്പാടിത്തറയിലെ പരേതനായ തെറ്റത്ത് കുഞ്ഞാലിയുടെയും കേളോത്ത് നബീസയുടെയും മകളാണ് അഫ്സില. എട്ടും ആറും 11 മാസവും പ്രായമുള്ള മൂന്ന് കുട്ടികൾ ഇവർക്കുണ്ട്.
വയനാട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ വെച്ച് ഇൻക്വസ്റ്റും പോസ്റ്റ്മോർട്ടം നടപടികളും പൂർത്തിയാക്കിയ ശേഷം അഫ്സിലയുടെ മൃതദേഹം ചൊവ്വാഴ്ച വൈകീട്ടോടെ കുപ്പാടിത്തറ നടമ്മൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ കബറടക്കി.
Tags : mananthavady woman death case