തൃശൂർ: സംസ്ഥാനത്ത് ആദ്യമായി എയർ ആംബുലൻസ് വഴി ഹൃദയം എത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനായ മാത്യു അച്ചാടൻ (57) അന്തരിച്ചു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ചികിത്സയിൽ കഴിയുന്നതിനിടെയാണ് അന്ത്യം സംഭവിച്ചത്.
തൃശൂർ ചാലക്കുടിക്കടുത്ത് പരിയാരം സ്വദേശിയായ മാത്യുവിന് 2015 ജൂലൈ 24നാണ് ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയത്. അന്ന് ഹൃദയമെത്തിച്ചത് നാവികസേനയുടെ ഹെലികോപ്റ്ററിലായിരുന്നു. ഹൃദയപേശികൾ ദുർബലമാവുകയും രക്തം പമ്പ് ചെയ്യാനുള്ള ശേഷി കുറയുകയും ചെയ്യുന്ന ഡൈലേറ്റഡ് കാർഡിയോമയോപ്പതി ബാധിച്ചാണ് മാത്യുവിനെ ലിസി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ആഴ്ചകളോളം നീണ്ട പരിശോധനകൾക്കും ചികിത്സയ്ക്കും ശേഷം അവസ്ഥ മാറ്റമില്ലാതെ തുടർന്നതോടെ ഹൃദയം മാറ്റിവെക്കൽ മാത്രമാണ് ഏക പോംവഴിയെന്ന് വ്യക്തമായി. തുടർന്ന് അദ്ദേഹത്തെ കേരള നെറ്റ്വർക്ക് ഫോർ ഓർഗൻ ഷെയറിംഗിന്റെ വെയ്റ്റിംഗ് ലിസ്റ്റിൽ ഉൾപ്പെടുത്തി.
ഇതിനിടെ തിരുവനന്തപുരത്ത് മസ്തിഷ്കാഘാതം മൂലം മരണം സംഭവിച്ച നീലകണ്ഠ ശർമയുടെ ഹൃദയം മാത്യുവിന് അനുയോജ്യമാണെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ ഹൃദയം തിരുവനന്തപുരത്തുനിന്ന് എറണാകുളത്ത് എത്തിക്കുക എന്നതായിരുന്നു വലിയ വെല്ലുവിളി. തുടർന്ന് നാവികസേനയുടെ സഹായം തേടുകയായിരുന്നു.
Tags : mathew achadan heart transplant air ambulance