കൊച്ചി: പശ്ചിമേഷ്യയില്‍ അതീവ ഗുരുതരമായി തുടരുന്ന യുദ്ധത്തില്‍ ഇരകളാക്കപ്പെട്ട എല്ലാവരോടും സീറോ മലബാര്‍ സഭയുടെ പ്രാര്ഥനാപൂര്ണമായ പിന്തുണ അറിയിക്കുന്നുവെന്നു മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍.
യുദ്ധത്തില്‍ വിവിധ രാജ്യങ്ങളില്‍ വലിയ നാശനഷ്ടങ്ങളും അനേകര്‍ക്കു ജീവഹാനിയും സംഭവിക്കുന്ന ഈ ദിവസങ്ങളില്‍ ലോകം മുഴുവന്‍ വലിയ ഉത്ക്കണ്ഠയിലൂടെയാണു കടന്നുപോകുന്നത്. ആയുധങ്ങള്‍ സര്‍വനാശവും മരണവും വേദനയും മാത്രമാണു സമ്മാനിക്കുന്നത്. തുറന്ന ചര്‍ച്ചകളിലൂടെ മാത്രമേ സുസ്ഥിരമായ സമാധാനവും സഹവര്‍ത്തിത്വവും സാധ്യമാകൂ.
പരിഹരിക്കാനാകാത്തവിധമുള്ള അഗാധമായ തകര് ച്ചയുണ്ടാകുന്നതിനുമുമ്പ് ഓരോ രാജ്യവും തങ്ങളുടെ ധാര്‍മിക ഉത്തരവാദിത്തത്തെക്കുറിച്ചു ഗൗരവമായി ചിന്തിക്കണമെന്ന ലെയോ പതിനാലാമന്‍ മാര്‍പാപ്പയുടെ ആഹ്വാനം രാഷ്ട്രനേതാക്കള്‍ തുറന്ന മനസോടെ സ്വീകരിക്കാന്‍ നമുക്കു തീക്ഷ്ണമായി പ്രാര്‍ഥിക്കാം.
ക്ലേശകരവും ദുരിതപൂര്‍ണവുമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന ഗള്‍ഫുനാടുകളിലെ സഹോദരങ്ങള്‍ക്കുവേണ്ടി നാളെ സീറോ മലബാര്‍ സഭയില്‍ പ്രത്യേക പ്രാര്‍ഥനാദിനമായി ആചരിക്കണം.
യുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്ന രാജ്യങ്ങള്‍ സംഭാഷണത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും മാര്‍ഗം തെരഞ്ഞെടുക്കാനും അതുവഴി പശ്ചിമേഷ്യയില്‍ ശാന്തിയും സമാധാനവും സംജാതമാകുന്നതിനുംവേണ്ടി ഏവരും പ്രാര്‍ഥിക്കണമെന്നും മേജര്‍ ആര്‍ച്ച്ബിഷപ് ആഹ്വാനം ചെയ്തു.
Tags : peace prevail West Asia Mar Raphael Thattil Major ArchBishop Middle East War