കണ്ണൂർ: സ്ത്രീലമ്പടത്വത്തിന് പൂർണ പിന്തുണ നൽകുന്ന ജീർണതയാണ് കോൺഗ്രസ് പിൻപറ്റുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. അതിജീവിതമാരെ കടന്നാക്രമിക്കുന്നതിനൊപ്പം ക്രിമിനിൽ സംഘത്തോടൊപ്പം കോൺഗ്രസ് നേതൃത്വവും ചേരുകയാണെന്നും അദ്ദേഹം ആരോപിച്ചു.
നടിക്ക് നേരെ നടന്ന കടന്നാക്രമണത്തിൽ യുഡിഎഫ് കൺവീനർ ഉൾപ്പെടെ അതിജീവിതയ്ക്കതിരായി പ്രതികരിക്കുകയും ദിലീപിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. സർക്കാർ അപ്പീൽ പോകുന്നതിനെ പരിഹസിച്ചു. പിന്നീട് തിരുത്തിയെങ്കിലും എങ്ങനെ തിരുത്തിയിട്ടും ശരിയാകുന്നില്ലെന്നും എം.വി. ഗോവിന്ദൻ കുറ്റപ്പെടുത്തി.
വേട്ടക്കാർക്കൊപ്പം നിൽക്കുന്ന നിലപാടാണ് യുഡിഎഫിന്റേത്. അതിജീവിതമാർ പരാതികൾ പറയുമ്പോൾ അത് ബോധപൂർവമുണ്ടാക്കുന്നതെന്നാണ് യുഡിഎഫ് പറയുന്നത്. രാഹുൽ മാങ്കൂട്ടത്തിലിനെ ന്യായീകരിക്കാൻ ജീർണമായ നിലപാട് സ്വീകരിക്കുന്നു. രാഹുലിനെതിരെ ഇനിയും പരാതികൾ വരും.
ഈ തെരഞ്ഞെടുപ്പിൽ യാതൊന്നും പറയാൻ യുഡിഎഫിനുണ്ടായില്ല. ശബരിമല വോട്ടിനെ ബാധിക്കില്ല എന്ന് എ.കെ. ആന്റണി പോലും പറയുന്ന നിലയിലേക്കെത്തി. ലീഗ് വർഗീയതയിലേക്ക് നീങ്ങുകയാണ്. ജനക്ഷേമപരമായ കാര്യങ്ങളുമായാണ് സർക്കാർ മുന്നോട്ട് പോകുന്നത്. തെരഞ്ഞെടുപ്പിൽ ഇടതനുകൂല തരംഗം ഉണ്ടാകുമെന്നും എം.വി. ഗോവിന്ദൻ എംഎൽഎ പറഞ്ഞു.